അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെയാണ് ജോണി ആന്റണി സ്വതന്ത്രസംവിധായകനായത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജോണി ആന്റണി അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.
ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താന്‍ കടന്നുവന്ന വഴികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജോണി ആന്റണി.
‘ചാന്‍സ് ചോദിച്ച് നടക്കുന്നതിനിടെ, കഷ്ടപ്പാടിന് ആശ്വാസമായും ലക്ഷ്യത്തിലേക്കുള്ള സുവര്‍ണാവസരമായും എനിക്കുമുന്നില്‍ ഒരു മാര്‍ഗം തെളിഞ്ഞു. ചെന്നൈയില്‍ അന്ന് താമസിച്ച സ്ഥലത്തിനടുത്ത് ഒരു അസോസിയേറ്റ് ഡയറക്ടറുണ്ടായിരുന്നു. അദ്ദേഹത്തിലൂടെ സംവിധായകന്‍ കെ.ജി. രാജശേഖരനെ പരിചയപ്പെടാന്‍ അവസരമുണ്ടായി. അദ്ദേഹമൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. ‘സിംഹധ്വനി’ എന്ന് പേരിട്ട ആ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു. അങ്ങനെ ആദ്യമായി ചെന്നൈയില്‍ വെച്ച് ഒരു സിനിമയുടെ ചിത്രീകരണം കാണാന്‍ ഭാഗ്യമുണ്ടായി.
തിലകന്‍, സുരേഷ് ഗോപി, ഉര്‍വശി, ശാരി, എം.ജി. സോമന്‍, മാള അരവിന്ദന്‍ തുടങ്ങിയവരാണ് സിംഹധ്വനിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ.ജി. രാജശേഖരന്റെ കഥക്ക് പാപ്പനംകോട് ലക്ഷ്മണന്‍ സംഭാഷണമൊരുക്കി. അംരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പത്മജ തമ്പിയാണ് ചിത്രം നിര്‍മിച്ചത്.
സിനിമയില്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറായി ഒമ്പത് ദിവസം പ്രവര്‍ത്തിച്ചുവെന്നും എം.ജി.ആറിന്റെ സത്യ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്ങെന്നും അദ്ദേഹം പറയുന്നു. ആദ്യമായി ഉര്‍വശി ചേച്ചിയുടെ ഒരു പാട്ട് സീനാണ് അവിടെവെച്ച് ചിത്രീകരിച്ചതെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
‘സിനിമയൊരുക്കലിന്റെ ബാലപാഠങ്ങള്‍ മനസിലാക്കി തന്ന ആ ചിത്രത്തിലൂടെ പിന്നീട് പുതിയ അവസരങ്ങളും എന്നെത്തേടി വന്നു. അന്നും സഹായത്തിന് ജോക്കുട്ടന്‍ എന്റെ ചാരത്തുതന്നെയുണ്ടായിരുന്നു,’ ജോണി ആന്റണി പറയുന്നു.
Content highlight: Johnny Antony talks about his film career and the paths he has taken