അഭിനയിച്ചുകൊണ്ടിരിക്കുന്ന മിക്ക സിനിമകളുടെ അണിയറയിലും സി.ഐ.ഡി മൂസ ഫാന്‍സാണ്, ആ ബഹുമാനം അവര്‍ക്കുണ്ട്: ജോണി ആന്റണി
Malayalam Cinema
അഭിനയിച്ചുകൊണ്ടിരിക്കുന്ന മിക്ക സിനിമകളുടെ അണിയറയിലും സി.ഐ.ഡി മൂസ ഫാന്‍സാണ്, ആ ബഹുമാനം അവര്‍ക്കുണ്ട്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th September 2025, 10:19 am

 

റിലീസായി വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ ഫാന്‍ബേസുള്ള സിനിമയാണ് സി.ഐ.ഡി.മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003ലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയത് വിദ്യാസാഗറാണ്. ഇപ്പോള്‍ സിനിമയേ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.

അഭിനയിച്ചുകൊണ്ടിരിക്കുന്ന മിക്ക സിനിമകളുടെയും അണിയറയിലുള്ളത് ‘സി.ഐ.ഡി മൂസ’ ഫാന്‍സായ കുട്ടികളാണെന്ന് അദ്ദേഹം പറയുന്നു.

‘അഞ്ചോ പത്തോ വയസില്‍ സി.ഐ.ഡി മൂസ കണ്ടവന്‍മാരാണ്. അവരുടെ ഇരുപത്തഞ്ചോ, മുപ്പത്തഞ്ചോ വയസില്‍ എന്നെ വെച്ച് സിനിമ പിടിക്കുന്നത്. സി.ഐ.ഡി മൂസയുടെ സംവിധായകന്‍ എന്ന നിലയില്‍ അവര്‍ ആ സ്‌നേഹവും വാത്സല്യവുമെക്കെ എപ്പോഴും എന്നോട് കാണിക്കാറുണ്ട്. ഞങ്ങളെ കുടുകുടാ ചിരിപ്പിച്ച ആളാണെന്ന ബഹുമാനവും അവര്‍ക്കുണ്ട്. സീനിയോറിറ്റി കൊണ്ടോ വേറിട്ട ജീവിത കാഴ്ചപ്പാട് ഉള്ളതുകൊണ്ടോ ഒരിക്കലും അവരോട് ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടില്ല,’ ജോണി ആന്റണി പറയുന്നു.

കിട്ടിയ വേഷങ്ങളെ മികച്ചതാക്കാന്‍ തന്നെയാണ് താന്‍ ശ്രമിക്കുന്നതെന്നും പുതുമുഖ സംവിധായകര്‍ക്കൊപ്പമാണ് താന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളതെന്നും ജോണി ആന്റണി പറയുന്നു. എല്ലാവരും ഒന്നിനൊന്ന് കേമന്‍മാരുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകരെ കുറിച്ചും ജോണി ആന്റണി സംസാരിക്കുകയുണ്ടായി. അടുത്ത കാലത്ത് മുതിര്‍ന്ന സംവിധായകരില്‍പെട്ട കമലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടായെന്ന് അദ്ദേഹം പറയുന്നു.

‘അദ്ദേഹത്തെ പോലുള്ള ലെജന്‍ഡുകളുടെ സിനിമയില്‍ അഭിനയിക്കണമെന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹംകൂടിയായിരുന്നു. അതുപോലെ മനസിലുള്ള വലിയ മോഹങ്ങളില്‍പെട്ടതാണ് ഹരിഹരന്‍ സാര്‍, സത്യന്‍ അന്തിക്കാട് സാര്‍, ജോഷി സാര്‍, സിബി മലയില്‍ സാര്‍ എന്നിവരുടെ സിനിമയില്‍ അഭിനയിക്കണമെന്നത്. എനിക്കുറപ്പുണ്ട്, അധികം വൈകാതെതന്നെ അവരുടെ സിനിമകളിലും നല്ലൊരു വേഷം എന്നെത്തേടി വരുമെന്ന്,’ ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

Content highlight: Johnny Antony says that CID Moosa fans are behind most of the films he is acting in