തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സംവിധായകനാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, തുറുപ്പുഗുലാന്‍ അങ്ങനെ ചുരുങ്ങിയ ചിത്രങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. പുതിയ കാലത്ത് സോഷ്യല്‍ മീഡിയ റീലുകളാണ് സിനിമ തമാശകളുടെ കണ്ടന്റായി വരുന്നതെന്ന് പറയപ്പെടുന്നു. ഈ പ്രവണതയെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
‘റീല്‍സിലായാലും സിനിമയിലായാലും സോഷ്യല്‍ മീഡിയയിലായാലും ഒരു പരിധിവരെ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, സിദ്ദീഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, അശോകന്‍-താഹ തുടങ്ങിയവരെല്ലാം ഉണ്ടാക്കിവെച്ചതല്ലാതെ അതിനപ്പുറത്തേക്കുള്ള ഒരു തമാശയും കാര്യമായി ഉണ്ടായിവന്നിട്ടില്ല. അവര്‍ ഉണ്ടാക്കിയതിനു മുകളില്‍ നില്‍ക്കുന്ന ഒരു കോമഡി സിനിമയും ഇന്നുണ്ടായിവരുന്നുമില്ല.
ഒരിക്കല്‍ സിദ്ദീഖ് സാറുമായി സംസാരിക്കവെ നമുക്ക് ചിരിക്കാന്‍ തോന്നുന്നില്ലെങ്കിലും തിയേറ്ററില്‍ ആളുകള്‍ ചിരിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്, ‘ജോണീ, നമ്മളെല്ലാം കണ്ടുകഴിഞ്ഞു. നമ്മളെല്ലാം രുചിച്ചും കഴിഞ്ഞു. നമ്മള്‍ കഴിച്ചതിന്റെ അല്‍പം പോലും ഇതില്‍ വരുന്നില്ല. അതുകൊണ്ടാണ് നമുക്ക് ഇതു കാണുമ്പോള്‍ ചിരി വരാത്തത്. അത് നമ്മുടെ പ്രശ്നമാണ്, പ്രേക്ഷകന്റേതല്ല’ എന്ന്,’ ജോണി ആന്റണി പറയുന്നു.
ദൈനംദിന ജീവിതത്തില്‍ പണ്ടുള്ളവര്‍ക്ക് പറയാന്‍ ഇഷ്ടക്കണക്കിന് തമാശകളുണ്ടായിരുന്നുവെന്നും ഇന്ന് പഴയത് ആവര്‍ത്തിച്ച് ചിരിക്കുന്നതല്ലാതെ പുതുതമാശകള്‍ വരുന്നത് നന്നേ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസവും ഒരു സിനിമ കാണുന്ന പതിവ് ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘സിനിമ കാണുന്നത് പണ്ടത്തെ പോലെ ഇന്നും ഇഷ്ടമായതുകൊണ്ടു തന്നെ ആ പതിവിന് മാറ്റമൊന്നും വന്നിട്ടില്ല. കോമഡി മാത്രമല്ല, എല്ലാ വിഭാഗം സിനിമകളും കാണുന്നതില്‍ ഉള്‍പ്പെടും. ഫീല്‍ഗുഡ്, ഫാമിലി സിനിമകള്‍ കാണാനാണ് ഏറെ താത്പര്യം. കുടുംബ കഥകള്‍ ഇഷ്ടമാണ്. അതുകൊണ്ട് അത്തരം സിനിമകള്‍ കാണാന്‍ ഏറെ ആഗ്രഹിക്കും. തമിഴില്‍ അടുത്തിടെ ഇറങ്ങിയ ടൂറിസ്റ്റ് ഫാമിലി ഏറെ ഇഷ്ടം തോന്നിയ സിനിമയാണ്,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johnny Anthony talks about modern-day reel jokes