'വന്ദേഭാരത് 160 കി.മീ വേഗതയില്‍ ചീറിപ്പായും'; കെ. റെയില്‍ ചര്‍ച്ചയില്‍ വി. മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് ബ്രിട്ടാസ്
Kerala News
'വന്ദേഭാരത് 160 കി.മീ വേഗതയില്‍ ചീറിപ്പായും'; കെ. റെയില്‍ ചര്‍ച്ചയില്‍ വി. മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st April 2023, 5:28 pm

ന്യൂദല്‍ഹി: വന്ദേഭാരതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ നടത്ത പ്രസംഗത്തെ ഓര്‍മപ്പെടുത്തി സി.പി.ഐ.എം എം.പി. ജോണ്‍ ബ്രിട്ടാസ്. കെ. റെയിലുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ചര്‍ച്ചയില്‍ വന്ദേഭാരത് 160 കി.മീ വേഗതയില്‍ ഓടും എന്നാണ് മുരളീധരന്‍ പറയുന്നത്. കെ. റെയിലിന് കേരളത്തിലൂടെ കടന്നുപോകാന്‍ നാലര മണിക്കൂര്‍ വേണമെങ്കില്‍ വന്ദേഭാരത് മൂന്നര മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കുമെന്നും മുരളീധരന്‍ പറയുന്നു.

ചര്‍ച്ചയുടെ ഈ വീഡിയോ പങ്കുവെച്ച് വന്ദേഭാരത് 160 കിലോമീറ്റര്‍ സ്പീഡില്‍ കേരളത്തിന്റെ തലങ്ങും വിലങ്ങും ഓടിപ്പായുമെന്ന മുരളീധരന്റെ ന്യായം ചര്‍ച്ചയാക്കണമെന്നാണ് ബ്രിട്ടാസ് പറയുന്നത്.

‘കെ റെയിലിനെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചയും വാഗ്വാദങ്ങളും സ്മരിക്കുന്നു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ഇതെല്ലാം. ഒരംഗത്തിന്റെ പ്രസംഗം മന്ത്രി തടസ്സപ്പെടുത്തുന്ന പതിവ് ഇല്ലെങ്കിലും എന്റെ പ്രസംഗത്തിനിടയില്‍ ഒന്നിലേറെ തവണ വി. മുരളീധരന്‍ ഇടപെട്ടു. കേരളത്തോട് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര ധനമന്ത്രിയുടെ കത്ത് ഉദ്ധരിച്ചപ്പോഴായിരുന്നു ഏറ്റവും വലിയ തടസം.

എന്നാല്‍ ഈ കത്ത് നിഷേധിക്കാന്‍ അശ്വനി വൈഷ്ണവ് തയ്യാറായില്ല. വന്ദേഭാരത് 160 കിലോമീറ്റര്‍ സ്പീഡില്‍ കേരളത്തിന്റെ തലങ്ങും വിലങ്ങും ഓടിപ്പായുമെന്നായിരുന്നു മുരളീധരന്റെ ന്യായം. എന്തായാലും മുരളീധരനെ അടുത്തിരുത്തി മൂപ്പര്‍ അടച്ച അധ്യായം വൈഷ്ണവ് തുറന്നിടുമ്പോള്‍ രാജ്യസഭയിലെ സംഭവവികാസങ്ങള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും,’ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വന്ദേഭാരതിന്റെ ശരാശരി വേഗത മണിക്കൂറില്‍ 83 കിലോമീറ്ററാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പറയുന്നത്.