കൃത്രിമ കാലുകള്‍ പ്രദര്‍ശിപ്പിച്ച് നാടകം കളിച്ചോളൂ, നിങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ സഭയില്‍ വെക്കാം: ജോണ്‍ ബ്രിട്ടാസ്
India
കൃത്രിമ കാലുകള്‍ പ്രദര്‍ശിപ്പിച്ച് നാടകം കളിച്ചോളൂ, നിങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ സഭയില്‍ വെക്കാം: ജോണ്‍ ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th February 2026, 12:50 pm

ന്യൂദല്‍ഹി: രാജ്യസഭയില്‍ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവെ തന്റെ കൃത്രിമ കാലുകള്‍ ഊരിയെടുത്ത് ഡെസ്‌കില്‍ വെച്ച സി. സദാനന്ദന്‍ എം.പിക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എം.പി.

ഈ വിഷയത്തിലെ യാഥാര്‍ത്ഥ്യം കേരളത്തിലുള്ളവര്‍ക്ക് അറിയാമെന്നും സി.പി.ഐ.എമ്മിലെ 218 സഖാക്കളാണ് നിങ്ങളുടെ പ്രത്യയശാസ്ത്രത്താല്‍ കൊല്ലപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് സഭയില്‍ പറഞ്ഞു.

സദാനന്ദന്‍ മാസ്റ്റര്‍ ഇരയായെന്ന് പറയുന്ന ആക്രമത്തിന് പിന്നില്‍ മറ്റൊരു ഇരയുണ്ടെന്നും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ഇന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ബ്രിട്ടാസ് പറഞ്ഞു.

‘നമുക്ക് യഥാര്‍ത്ഥ കഥ അറിയാം. എന്റെ സുഹൃത്തും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പിയുടെ ഒരു പുസ്തകത്തില്‍ നിന്ന് ഞാനത് ഉദ്ധരിക്കുകയാണ്. ആ ആക്രമണത്തിന്റെ കാരണം, സദാനന്ദന്‍ മാസ്റ്റര്‍ എന്ന ആ മനുഷ്യന്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ തന്റെ ബന്ധുക്കളില്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നതാണ്. അന്നതിന് ഇരയായ ആള്‍ ഇപ്പോള്‍ മുടന്തിയാണ് നടക്കുന്നത്.

സര്‍, ആ കൃത്രിമ കാലുകള്‍ മേശപ്പുറത്ത് വയ്ക്കാന്‍ നിങ്ങള്‍ അനുവദിച്ചു, പിന്നീട് അദ്ദേഹം അത് മാറ്റി. അദ്ദേഹം കേരളത്തില്‍ പ്രസംഗിക്കുമ്പോഴെല്ലാം ഈ കാലുകള്‍ വെച്ച് നടക്കുന്നുണ്ട്. തന്റെ കൃത്രിമ കാലിലാണ് അദ്ദേഹം നില്‍ക്കുന്നത്. അതൊരു നിര്‍ഭാഗ്യകരമായ സംഭവമാണ്. പക്ഷേ സി.പി.ഐ.എമ്മിലെ 218 സഖാക്കള്‍ അവരുടെ പ്രത്യയശാസ്ത്രത്താല്‍ കൊല്ലപ്പെട്ടു.

ഗുജറാത്തില്‍ 3,000 മുസ്‌ലീങ്ങള്‍ കശാപ്പ് ചെയ്യപ്പെട്ടു, അത് സൗഹാര്‍ദ്ദമായിരുന്നോ? അവര്‍ ന്യൂമോണിയയും പനിയും ബാധിച്ചാണോ മരണപ്പെട്ടത് ?

ഈ രാജ്യത്തെ സമുദായ സൗഹാര്‍ദ്ദമുള്ള, ഏറ്റവും സമാധാനപരമായ സംസ്ഥാനം കേരളമാണ്. നിങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും.
ഇവിടെ ഏറ്റവും ബഹളമുണ്ടാക്കുന്നത് പ്രഹ്ലാദ് ജോഷിയാണ്. അദ്ദേഹം ഒരു ക്യാബിനറ്റ് മന്ത്രിയാണോ സര്‍?

അവര്‍ സബ്കാ സാത് സബ്കാ വികാസ് എന്ന് പറയുമ്പോഴും അവരുടെ മനസില്‍ ബുള്‍ഡോസര്‍ അല്ലേ? ക്രിസ്ത്യന്‍ പുരോഹിതരുടെ വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുത്ത നിമിഷം തന്നെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടില്ലേ?

അവരുടെ പള്ളികളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടു. സര്‍, ബറേലിയില്‍ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ ജന്മദിന ആഘോഷത്തിന് കുറച്ച് ആളുകളെ ക്ഷണിച്ചു. അവരെല്ലാവരും തല്ലിച്ചതയ്ക്കപ്പെട്ടു, കാരണം അതില്‍ രണ്ട് മുസ്‌ലീം യുവാക്കള്‍ ഉണ്ടായിരുന്നു എന്നതാണ്.

സര്‍, ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്. നമ്മുടെ നിലവിലെ രാഷ്ട്രീയത്തിലെ ഈ അസുഖകരമായ അധ്യായങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അവര്‍ ഇത് മനസ്സിലാക്കണം, അവര്‍ തിരിച്ചറിയണം, ഈ രാജ്യം പടുത്തുയര്‍ത്തിയത് സാധാരണക്കാരന്റെ വിയര്‍പ്പും രക്തവും കൊണ്ടാണ്.

ഈ മഹത്തായ രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ല. മാപ്പപേക്ഷകള്‍ക്ക് മേല്‍ മാപ്പപേക്ഷകള്‍ എഴുതിയതല്ലാതെ അവര്‍ ഒരിക്കലും ഒരു സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടില്ല. സര്‍, ഇപ്പോള്‍ എല്ലാത്തരം മുദ്രാവാക്യങ്ങളും, ഈ സഭയില്‍ ഉയര്‍ത്തുന്നു.

എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഭരണഘടനാ അസംബ്ലി സംവാദങ്ങള്‍, നിങ്ങള്‍ അത് വായിച്ചിട്ടുണ്ടാകും.

ഭരണഘടനാ അസംബ്ലിയില്‍ രണ്ട് മുദ്രാവാക്യങ്ങള്‍ മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. ഇപ്പോഴും പ്രതിധ്വനിക്കുന്ന രണ്ട് മുദ്രാവാക്യങ്ങള്‍. അവ ഏതെന്ന് നിങ്ങള്‍ക്കറിയാം. ഒന്ന് ‘ജയ് ഹിന്ദ്’, രണ്ടാമത്തേത് ‘ഇങ്ക്വിലാബ് സിന്ദാബാദ്’.

ഇപ്പോള്‍ നിങ്ങള്‍ ഈ രാജ്യത്തെ വിഭജിക്കാനോ വര്‍ഗീയമായി വേര്‍തിരിക്കാനോ ഉദ്ദേശിച്ചുള്ള നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു.
നിങ്ങള്‍ എത്ര കഠിനമായി ശ്രമിച്ചാലും നിങ്ങള്‍ക്ക് കേരളം എന്ന സംസ്ഥാനത്തേക്ക് കടന്നുകയറാന്‍ കഴിയില്ല.

നിങ്ങളുടെ കൃത്രിമ കാലുകള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് നാടകം കളിച്ചോളൂ, പക്ഷേ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം അവിടെ ക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഇദ്ദേഹവും പങ്കാളിയായിരുന്നു എന്നും. അദ്ദേഹം പല കേസുകളിലും എങ്ങനെ ഉള്‍പ്പെട്ടു എന്ന് കാണിക്കാന്‍ അദ്ദേഹത്തിനെതിരായ എഫ്.ഐ.ആറിന്റെ കോപ്പി എന്റെ കൈവശമുണ്ട്

ഞാന്‍ സംസാരിച്ച ഓരോ വാക്കും ഞാന്‍ സാക്ഷ്യപ്പെടുത്തും. ഞാന്‍ സംസാരിച്ചതെല്ലാം ശരിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ എന്റെ കൈവശമുണ്ട്. ഇത് ഞാന്‍ ബോധ്യത്തോടെയാണ് സംസാരിക്കുന്നത്, കാരണം തെറ്റായ വിവരങ്ങളും വ്യാജപ്രചരണങ്ങളും പ്രചരിപ്പിക്കാന്‍ അവര്‍ കഠിനമായി ശ്രമിക്കുമെന്ന് നമുക്കറിയാം.

കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും ഇവരോട് ക്ഷമിക്കില്ല, ഇവരെ അവിടേക്ക് കടക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ കേരളത്തില്‍ ഒരു ഇടം പോലും ഇവര്‍ക്ക് നല്‍കില്ല, കേരളം കേരളമാണ്’, ബ്രിട്ടാസ് പറഞ്ഞു.

Content Highlight: John Brittas MP Reply to Sadanadan Master MP in Loksabha