എന്റെ മല്ലു റൂട്‌സിലെ മാര്‍ക്‌സിസ്റ്റ് വേരുകളാണ് ലോകരാഷ്ട്രീയത്തില്‍ താത്പര്യമുണ്ടാക്കിയത്: ജോണ്‍ എബ്രഹാം
Kerala
എന്റെ മല്ലു റൂട്‌സിലെ മാര്‍ക്‌സിസ്റ്റ് വേരുകളാണ് ലോകരാഷ്ട്രീയത്തില്‍ താത്പര്യമുണ്ടാക്കിയത്: ജോണ്‍ എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th August 2025, 10:25 pm

ന്യൂദല്‍ഹി: തന്റെ മലയാളി കണക്ഷനിലെ മാര്‍ക്‌സിസ്റ്റ് വേരുകളായിരിക്കാം തന്നില്‍ ജിയോപൊളിറ്റിക്സില്‍ താത്പര്യമുണ്ടാക്കിയതെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. എക്കാലത്തും തനിക്ക് ജിയോപോളിറ്റിക്‌സിനോട് താത്പര്യമുണ്ടായിരുന്നുവെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭുമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

അടുത്തിടെ റഷ്യന്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖം പശ്ചാത്തലമാക്കിയാണ് ജോണ്‍ എബ്രഹാം സംസാരിച്ചത്. അഭിമുഖത്തില്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും പിന്നീട് ബ്യൂറോയില്‍ നിന്ന് വിളിച്ച് ‘നിങ്ങള്‍ക്ക് എങ്ങനെയാണ് റഷ്യയെ കുറിച്ച് ഇത്രയധികം കാര്യങ്ങളറിയുന്നത്’ എന്ന് ചോദിച്ചതായും ജോണ്‍ എബ്രഹാം പറഞ്ഞു.

ഇതിനുകാരണം തന്റെ മലയാളി കണക്ഷനില്‍ വേരൂന്നിയ മാര്‍ക്‌സിസ്റ്റ് ആശയങ്ങളാകാമെന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. ജോണ്‍ എബ്രഹാമിന്റെ അച്ഛന്‍ ജോണ്‍ ആലുവ സ്വദേശിയാണ്. എല്ലായ്‌പ്പോഴും കേരളവുമായുള്ള ബന്ധത്തെ കുറിച്ച് പൊതുവേദികളില്‍ സംസാരിക്കാറുള്ള വ്യക്തിയാണ് ജോണ്‍ എബ്രഹാം.

സമാനമായാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും ജോണ്‍ എബ്രഹാം തന്റെ മലയാളി കണക്ഷനെ കുറിച്ച് സംസാരിച്ചത്. സമത്വത്തിലും തുല്യമായ വിതരണത്തിലും വേരൂന്നിയ മാര്‍ക്‌സിസ്റ്റ് ആശയത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പത്തില്‍ തന്റെ അച്ഛന്‍ ദിവസേനെ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നുവെന്നും പിന്നീടത് ഒരു ശീലമായെന്നും ജോണ്‍ എബ്രഹാം പറയുന്നു.

ഇന്റര്‍നെറ്റ് വന്നതോടെ ജിയോപൊളിറ്റിക്സിനോടുള്ള താത്പര്യം വര്‍ധിച്ചുവെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു. മദ്രാസ് കഫേ, പരമാണു തുടങ്ങിയ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു കാരണം ലോകകാര്യങ്ങളോടുള്ള തന്റെ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‘ടെഹ്റാന്‍’ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ചിത്രം. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെയാണ് സിനിമ പ്രേക്ഷകരിലെത്തുക. എന്നാല്‍ സിനിമയുടെ ഉള്ളടക്കം വലിയ വിവരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടെഹ്റാന്‍ റിലീസിനൊരുങ്ങുന്നത്.

Content Highlight: My Marxist roots in Mallu Roots inspired my interest in world politics: John Abraham