ഇല്യുമിനാറ്റി തന്നെ, ഉറപ്പ്! ഇന്നലെ സഞ്ജു, ഇന്ന് ഫിന്‍ അലന്‍; വീണ്ടും ഞെട്ടിച്ച് ആര്‍ച്ചറിന്റെ ട്വീറ്റ്
T20 world cup
ഇല്യുമിനാറ്റി തന്നെ, ഉറപ്പ്! ഇന്നലെ സഞ്ജു, ഇന്ന് ഫിന്‍ അലന്‍; വീണ്ടും ഞെട്ടിച്ച് ആര്‍ച്ചറിന്റെ ട്വീറ്റ്
ആദര്‍ശ് എം.കെ.
Thursday, 5th March 2026, 10:49 am

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിലെ ഫിന്‍ അലന്റെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ചര്‍ച്ചയായി ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചറിന്റെ പഴയ ട്വീറ്റ്. 33 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഫിന്‍ അലന്റെ നേട്ടത്തിന് പിന്നാലെയാണ് 2013ല്‍ ആര്‍ച്ചര്‍ പങ്കുവെച്ച ട്വീറ്റ് വീണ്ടും ചര്‍ച്ചയിലേക്കുയരുന്നത്.

‘Raise The Bat Finn’ എന്നാണ് 2013 മാര്‍ച്ച് പത്തിന് ആര്‍ച്ചര്‍ പങ്കുവെച്ച പോസ്റ്റിലുള്ളത്. ഫിന്‍ അലന്റെ സെഞ്ച്വറിക്കൊപ്പമാണ് ആരാധകര്‍ ഈ ട്വീറ്റിനെ ചേര്‍ത്തുവെക്കുന്നത്.

13 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍, അതും നോക്ക്ഔട്ട് മത്സരത്തില്‍ ഫിന്‍ അലന്‍ തിളങ്ങുമെന്ന് ആര്‍ച്ചര്‍ അന്നേ പ്രവചിച്ചിരുന്നു എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ മുഴുവന്‍ ഫിന്‍ അലന്‍ മയമാണ്.

ക്രിക്കറ്റ് ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും ജോഫ്രാ ആര്‍ച്ചര്‍ അതിനുള്ള ട്വീറ്റ് നേരത്തെ തന്നെ പങ്കുവെക്കുമെന്നും ആര്‍ച്ചറാണ് ക്രിക്കറ്റ് ലോകത്തെ പോള്‍ നീരാളിയാണ് ആര്‍ച്ചറെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരത്തില്‍ സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സ് നേടിയപ്പോഴും ആര്‍ച്ചറിന്റെ പഴയ ട്വീറ്റ് ചര്‍ച്ചയായിരുന്നു. 2014 ഓഗസ്റ്റ് നാലിന് താരം പങ്കുവെച്ച ട്വീറ്റാണ് ചര്‍ച്ചയുടെ ഭാഗമായത്.

’97? WTF’ എന്നായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. സഞ്ജുവിന്റെ 97 നോട്ട്ഔട്ട് പ്രകടനത്തോടാണ് ആരാധകര്‍ ഈ പോസ്റ്റിനെ ചേര്‍ത്തുവെച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് സെക്ഷന്‍ ഒന്നാകെ ഇന്ത്യന്‍ ആരാധകര്‍ കയ്യടക്കിയിരുന്നു.

പ്രോട്ടിയാസിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് ഫോറും ആകാശം തൊട്ട എട്ട് സിക്‌സറും അടക്കം 303.03 സ്‌ട്രൈക് റേറ്റിലാണ് ഫിന്‍ അലന്‍ ബാറ്റ് വീശിയത്.

ഫിന്‍ അലന്‍

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡ് കുറിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ഓപ്പണറുടെ വെടിക്കെട്ട്.

ടി – 20യില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളി – പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 33 – 2026*

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 35 – 2017

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 35 – 2017

അഭിഷേക് ശര്‍മ – ഇന്ത്യ – ഇംഗ്ലണ്ട് – 37 – 2025

ടിം ഡേവിഡ് – ഓസ്ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 37 – 2025

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ജേതാക്കളെയാണ് ന്യൂസിലാന്‍ഡിന് നേരിടാനുണ്ടാവുക. വാംഖഡെയില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

 

Content Highlight: Jofra Archer’s 13 year old tweet resurface after Finn Allen’s century against South Africa

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.