ആര്‍ച്ചറിന്റെ തേരോട്ടത്തില്‍ ബുംറയടക്കമുള്ളവര്‍ പിന്നില്‍; ഇവന്റെ പേസ് അറ്റാക്കില്‍ പിറന്നത് കിടിലന്‍ നേട്ടം!
Cricket
ആര്‍ച്ചറിന്റെ തേരോട്ടത്തില്‍ ബുംറയടക്കമുള്ളവര്‍ പിന്നില്‍; ഇവന്റെ പേസ് അറ്റാക്കില്‍ പിറന്നത് കിടിലന്‍ നേട്ടം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th March 2026, 11:08 am

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. മത്സരത്തിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചു. ഇതോടെ പല റെക്കോഡുകളും ബുംറയെ തേടിയെത്തിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ബുംറയേക്കാളും മുന്നിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍.

2026 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിയുന്ന താരം എന്ന നേട്ടമാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയുമെല്ലാം ആര്‍ച്ചറിന്റെ പിന്നിലാണ്.

2026 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിയുന്ന താരം, ഡോട്ട് ബോള്‍ (ഇന്നിങ്‌സ്)

ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്) – 86 (8)

അര്‍ഷ്ദീപ് സിങ് (ഇന്ത്യ) – 77 (8)

ജസ്പ്രീത് ബുംറ (ഇന്ത്യ) – 76

മാറ്റ് ഹെന്റി (ന്യൂസിലാന്‍ഡ്) – 76

ആദില്‍ റഷീദ് (ഇംഗ്ലണ്ട്) – 75 (8)

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ) – 75 (9)

ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് പരാജയപ്പെട്ടായിരുന്നു പുറത്തായത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് കരുത്തിന് മുന്നില്‍ ത്രീ ലയണ്‍സ് തകര്‍ന്നടിഞ്ഞിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ടിന് വേണ്ടി ടൂര്‍ണമെന്റില്‍ മിന്നും പ്രകടനമാണ് ആര്‍ച്ചര്‍ പുറത്തെടുത്തത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 11 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അതേസമയം ഫൈനലില്‍ ബുംറയ്ക്ക് പുറമെ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 52 റണ്‍സ് നേടിയ ടിം സീഫേര്‍ട്ടും 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്.

ഫൈനലില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഇടിവെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

Content Highlight: Jofra Archer In Great Record Achievement In T20 World Cup 2026