യൂട്യൂബ് വീഡിയയിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് ജോമോൻ ജ്യോതിർ. ചെറുപ്പം മുതൽ തന്നെ സിനിമയായിരുന്നു ജോമോന്റെ ലക്ഷ്യം. ഇപ്പോൾ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജോമോൻ ജ്യോതിർ.
‘എൻ്റെ മൂത്ത മാമൻ ഫിലിം റെപ്രസെന്റേറ്റീവാണ്. ഞങ്ങളുടെ നാട്ടിലെ ബാബു തിയേറ്ററിലെ കാര്യങ്ങളൊക്കെ പുള്ളിയാണ് നോക്കിയിരുന്നത്. പുള്ളിയാണ് എന്നെ സിനിമകൾ കാണിച്ചുതന്നിരുന്നത്. ഉച്ചയാകുമ്പോഴേക്കും എന്നെ കൂട്ടി മാറ്റിനിക്ക് എത്തും. ആറാം തമ്പുരാൻ, സ്ഫടികം തുടങ്ങിയ സിനിമകളൊക്കെ ചെറിയ പ്രായത്തിൽ പോയി കണ്ട് ആവേശം കൊണ്ടതാണ്. ബുദ്ധിയുറച്ച പ്രായത്തിലാണ് സിനിമാനടനാവണമെന്ന് മോഹം വരുന്നത്,’ ജോമോൻ പറയുന്നു.
സിനിമാ മോഹമുണ്ടെങ്കിലും എന്നാൽ അതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് അറിയില്ലായിരുന്നുവെന്നും ഡിഗ്രി കഴിഞ്ഞാണ് സിനിമക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ കയറണം എന്ന ആഗ്രഹം കൊണ്ടാണ് ഡിഗ്രിക്ക് ബി.ബി.എം.സി കോഴ്സ് എടുത്ത് പഠിച്ചതെന്നും കൂടെ പഠിക്കുന്ന പലർക്കും സിനിമ തന്നെയായിരുന്നു ആഗ്രഹമെന്നും ജോമോൻ കൂട്ടിച്ചേർത്തു.
‘ഇൻസ്റ്റഗ്രാം ഒക്കെ ഉപയോഗിച്ച് കണ്ടന്റ് ക്രിയേഷനൊക്കെ ചെയ്ത് തുടങ്ങിയതോടെയാണ് സിനിമക്ക് വേണ്ടിയുള്ള അലച്ചിലിന് ഒരു അർത്ഥം വരുന്നത്. എനിക്ക് നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അഖിലും ശ്രീരാജും. അവരുമൊന്നിച്ചാണ് കണ്ടന്റുകൾ ചെയ്ത് തുടങ്ങുന്നത്. സംസാരിച്ചിരിക്കുമ്പോൾ വീണുകിട്ടുന്ന കാര്യങ്ങൾ കണ്ടന്റാക്കും അല്ലാതെ സ്ക്രിപ്റ്റ് പരിപാടിയൊന്നുമില്ല,’ ജോമോൻ പറയുന്നു.
റീലിസ് കണ്ട് ആളുകൾ തിരിച്ചറിഞ്ഞ് അഭിപ്രായം പറയാൻ തുടങ്ങിയതോടെയാണ് ചെയ്യുന്നത് ശരിയായെന്ന് മനസിലായതെന്നും എന്നാൽ കുറെ നെഗറ്റീവുകളും കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുത്തിരുന്നുവെന്നും പിന്നെ അതിലൊന്നും കാര്യമില്ലെന്ന് മനസിലായെന്നും ജോമോൻ പറയുകയുണ്ടായി.
രണ്ടുമൂന്ന് വർഷത്തോളം കണ്ടന്റ് ക്രിയേഷനിലും യൂട്യൂബിലും സജീവമായിരുന്നുവെന്നും വീഡിയോ കണ്ടിട്ട് ആരെങ്കിലും വിളിക്കട്ടെ എന്നതായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌ഡൗൺ സമയത്താണ് സുഹൃത്തുക്കളെല്ലാവരും ചേർന്ന് ജലസിംഹം എന്ന സീരീസ് ചെയ്തതെന്നും അത് കണ്ടിട്ടാണ് ജൂഡ് ആന്റണി സാറാസ് എന്ന ചിത്രത്തിലേക്ക് വിളിച്ചതെന്നും ജോമോൻ ജ്യോതിർ കൂട്ടിച്ചേർത്തു.
Content Highlight: Joemon Jyothir Talks About His Movie Journey