2026 ഫിഫ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. ആദ്യ സെമി പോരാട്ടത്തില്‍ ഫ്രാന്‍സും സ്‌പെയ്‌നും ഏറ്റുമുട്ടുമ്പോള്‍ അര്‍ജന്റീനയും ഇംഗ്ലണ്ടുമാണ് രണ്ടാം സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. കരുത്തരായ ടീമുകള്‍ പരസ്പരം പോരടിക്കുമ്പോള്‍ ആവേശം വാനോളമായിരിക്കുമെന്ന് ഉറപ്പാണ്.
ഇപ്പോള്‍ രണ്ടാം സെമിയ്ക്ക് മുമ്പ് ഇംഗ്ലണ്ട് അര്‍ജന്റീനയെ പരാജയപ്പെടുത്തുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് താരം ജോ കോള്‍. ഇംഗ്ലണ്ട് മെസിയുടെ ഉറക്കം കെടുത്തുമെന്നും താരത്തെ നിഷ്ഭ്രപമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർജന്റീനയെക്കാൾ ഇംഗ്ലണ്ടിന് വേഗതയുണ്ടെന്നും അതിനാല്‍ തങ്ങള്‍ ഫൈനലില്‍ പ്രവേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസ്റ്റ് ഈസ് ഫുട്‌ബോള്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ജോ കോള്‍.
‘ഇംഗ്ലണ്ടിനെതിരെ ലയണല്‍ മെസി ആദ്യമായി കളിക്കാന്‍ പോകുകയാണോ? അപ്പോള്‍ ഞങ്ങള്‍ അവന്റെ ഉറക്കം കെടുത്തും. ഞങ്ങള്‍ അവനെ നിഷ്പ്രഭമാക്കും. അതെ, അത് 100 ശതമാനം ഉറപ്പാണ്.
ഞാന്‍ ഇപ്പോള്‍ തന്നെ പറയുകയാണ്, ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ എത്തും. അര്‍ജന്റീനയുടെ കരുത്തിനേക്കാള്‍ വേഗത ഞങ്ങളുടെ ടീമിനുണ്ട്. അതിനാല്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തും. അത് എന്റെ ഉള്ളില്‍ നിന്ന് തോന്നുന്നുണ്ട്,’ ജോ കോൾ പറഞ്ഞു.
ഇത് ആദ്യമായാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ഇംഗ്ലണ്ടിനെതിരെ ഒരു പോരിനിറങ്ങുന്നത്. അതിനാല്‍ തന്നെ എല്ലാ ശ്രദ്ധയും തരത്തില്‍ തന്നെയായിരിക്കും. ഒപ്പം മെസിയും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയും ഈ സെമി ഫൈനല്‍ മത്സരത്തിനുണ്ട്.
അതേസമയം, അര്‍ജന്റീനയും ഇംഗ്ലണ്ടും അപരാജിതരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുള്ളത്. അര്‍ജന്റീന ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും ആധികാരികമായി വിജയം സ്വന്തമാക്കിയിരുന്നു. മറുവശത്ത് ഇംഗ്ലണ്ട് കളിച്ച ആറ് മത്സരങ്ങളില്‍ ഒന്നില്‍ സമനില വഴങ്ങുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിക്കുകയുമായിരുന്നു.
Content Highlight: Joe Cole says that England will defeat Lionel Messi’s Argentina in second semi final of FIFA World Cup 2026