തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ജയിലര്‍ 2 സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ സാന്നിധ്യം വളരെ കുറച്ച് സമയത്തേക്ക് ചുരുങ്ങിയത് പലരെയും നിരാശരാക്കി. ഇതിന് പിന്നാലെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പായി വേഷമിട്ട ജോബി കൊടകര ലൊക്കേഷന്‍ ഫോട്ടോസ് പങ്കുവെച്ചതോടെ ആരാധകര്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു.
ക്ലൈമാക്‌സ് സീനില്‍ മോഹന്‍ലാലിനെ പ്രസന്റ് ചെയ്ത രീതിയും ജോബിയുടെ പോസ്റ്റും ചേര്‍ത്തുവായിച്ച ചിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനമുയര്‍ത്തി. ഇപ്പോഴിതാ ജയിലര്‍ 2ല്‍ താന്‍ ഏത് സീനിലാണ് പ്രത്യക്ഷപ്പെട്ടതെന്ന് വിശദീകരിക്കുകയാണ് ജോബി കൊടകര. ഇത്രയും വിവാദമാകുമെന്ന് കരുതിയല്ല താന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് ജോബി പറയുന്നു.

ഇത്രയും വലിയ സിനിമയുടെ ഭാഗമായതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ആ ഫോട്ടോ പങ്കുവെച്ചതെന്ന് ജോബി പറഞ്ഞു. റിലീസിന് മുമ്പ് അതൊന്നും ഷെയര്‍ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നെന്നും അതിനാലാണ് റിലീസിന്റെ ആദ്യദിവസം വരെ കാത്തിരുന്നതെന്നും ജോബി കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പെയ്‌സിനോട് സംസാരിക്കുകയായിരുന്നു ജോബി കൊടകര.
‘ലാലേട്ടന്‍ കാരണം അരി വാങ്ങുന്നയാളാണ് ഞാന്‍. പക്ഷേ, ജയിലര്‍ 2ല്‍ അദ്ദേഹത്തിന് പകരം എന്റെ മുഖം എവിടെയും കാണിച്ചിട്ടില്ല. അത് സത്യമായിട്ടുള്ള കാര്യമാണ്. ആകെ എന്നെ ഉപയോഗിച്ചത് ഒരൊറ്റ ഷോട്ടിലാണ്. ആ ചെയ്‌സിങ് സീനില്‍ കാറില്‍ ഗിയര്‍ മാറ്റുന്ന ഏരിയയില്‍ എന്റെ കൈയും കാലും കാണിച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റൊരു സീനിലും ഞാനില്ല.

ഡ്യൂപ്പായി വര്‍ക്ക് ചെയ്യുന്നതിന്റെ എത്തിക്‌സും പ്രൊഫഷണിലസവും ഞാന്‍ ഓര്‍ക്കണമായിരുന്നു. പക്ഷേ, അത്രയും വലിയ ബ്രഹ്‌മാണ്ഡ സിനിമയുടെ ഭാഗമായത് നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കണമെന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ലാലേട്ടന്റെ ആരാധകരെക്കാള്‍ അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് കോട്ടം തട്ടുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല,’ ജോബി പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ വലിയ സൈബര്‍ അറ്റാക്കാണ് ജോബിക്ക് നേരിടേണ്ടി വന്നത്. ഒടുവില്‍ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും അശ്വന്ത് കോക്ക് അടക്കമുള്ള യൂട്യൂബര്‍മാര്‍ ജോബിയെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രം ജോബിയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നിരവധി സീനുകള്‍ കട്ട് ചെയ്‌തെന്ന കോസ്റ്റിയൂം ഡിസൈനറുടെ വാക്കുകളും പലരും ചര്‍ച്ചയാക്കിയിരുന്നു.
Content Highlight: Joby Kodakara about his scenes in Jailer 2 movie
