സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി; ക്യാപ്റ്റനാണ് പോയത്...
Sports News
സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി; ക്യാപ്റ്റനാണ് പോയത്...
ശ്രീരാഗ് പാറക്കല്‍
Tuesday, 13th January 2026, 7:28 pm

2026ലെ എസ്.എ ടി-20യില്‍ നിന്നും സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി പുറത്തായി. ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസ് പരുക്കിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.

താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഫ്രാഞ്ചൈസി വ്യക്തമാക്കിയത്. ഇതോടെ ഫാഫിന്റെ അഭാവം സൂപ്പര്‍ കിങ്‌സിന്റെ മുന്നോട്ടുള്ള കുതിപ്പിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

നിലവില്‍ ടൂര്‍ണമെന്റ്‌റില്‍ മൂന്നാം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ് ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 17 പോയിന്റാണ് ടീമിനുള്ളത്.

ഫാഫ് പുറത്തായതോടെ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനായി ഡൊണോവന്‍ ഫെരേരിയയെയാണ് നിയമിച്ചത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ഫെരേരിയ.

അതേസമയം ടൂര്‍ണമെന്റില്‍ സൂപ്പര്‍ കിങ്‌സിനായി ഏഴു മത്സരങ്ങളില്‍ നിന്നും 135 റണ്‍സാണ് ഫാഫ് ഇതുവരെ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു പുതിയ നാഴികക്കല്ലും 41 കാരനായ ഫാഫ് സ്വന്തമാക്കിയിരുന്നു. ടി-20സില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

ടൂര്‍ണമെന്റില്‍ എം.ഐ കേപ്പ് ടൗണിനെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഡുപ്ലെസിസ് ഈ നാഴികക്കല്ലില്‍ എത്തിയത്. മത്സരത്തില്‍ 21 പന്തില്‍ നിന്നും 44 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്.

അതേസമയം നാളെ (ജനുവരി 14) സണ്‍ റൈസേഴ്‌സ് ഈസ്റ്റേണ്‍ ക്യാപിനെതിരെയാണ് ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. സെന്റ് ജോര്‍ജ് ഓവലിലാണ് മത്സരം നടക്കുക.

Content Highlight: Joburg Super Kings Captain Faf Du Plessis Ruled Out From SA20 – 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ