അന്നത്തേത് ഗ്രാമര്‍ തെറ്റുള്ള ഇംഗ്ലീഷില്‍, ഇന്നത് മലയാളത്തില്‍; അവയവദാന പോസ്റ്റിന് പിന്നാലെ ഊമക്കത്ത് കിട്ടിയതായി ജോ ജോസഫ്
Kerala
അന്നത്തേത് ഗ്രാമര്‍ തെറ്റുള്ള ഇംഗ്ലീഷില്‍, ഇന്നത് മലയാളത്തില്‍; അവയവദാന പോസ്റ്റിന് പിന്നാലെ ഊമക്കത്ത് കിട്ടിയതായി ജോ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st September 2025, 6:52 am

എറണാകുളം: അവയവദാനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതിന് പിന്നാലെ തന്നെ കളിയാക്കിക്കൊണ്ടുള്ള ഊമക്കത്ത് ലഭിച്ചുവെന്ന് ഡോ. ജോ ജോസഫ്.

അവയവദാനം സംബന്ധിച്ച പോസ്റ്റ് തനിക്ക് എഴുതി തന്നത് എറണാകുളം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ നിന്നാണെന്ന് കത്തില്‍ ആരോപിക്കുന്നതായി ജോ ജോസഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഡോ. ജോ ജോസഫ് ഇക്കാര്യം അറിയിച്ചത്.

ദേ വന്നല്ലോ വനമാല എന്ന് പരിഹസിച്ചുകൊണ്ടാണ് ജോ ജോസഫിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റ് കത്തെഴുതിയ മാന്യദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നുവെന്നും ഡോക്ടര്‍ പരിഹസിക്കുന്നുണ്ട്.

അതേസമയം കത്ത് കണ്ടപ്പോള്‍ കൈയക്ഷരം നല്ല പരിചയമുള്ളതുപോലെ തോന്നിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ കളിയാക്കി കൊണ്ടും സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയുമെല്ലാം അപകീര്‍ത്തിപ്പെടുത്തി കൊണ്ടുമുള്ള ആ രണ്ട് പേജ് കത്ത് ഓര്‍മ വന്നതായും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ആദ്യ കത്ത് മുഴുവന്‍ ഗ്രാമര്‍ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ ഈ കത്ത് മലയാളത്തിലായിരുന്നു. അപൂര്‍വമായി പ്രയോഗിച്ച ചില ഇംഗ്ലീഷ് വാക്യങ്ങളാണ് ഒരേ ആളുടെ കൈപ്പടയാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.

രണ്ട് കത്തിന്റെയും ഉള്ളടക്കങ്ങള്‍ ഒന്നുതന്നെ. ഒന്ന് തന്നെ കളിയാക്കുക രണ്ട് സര്‍ക്കാരിനെയും അതിനെ നയിക്കുന്ന പിണറായി വിജയനെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്തുക. അതുകൊണ്ടുതന്നെ എഴുതിയ ആളിന്റെ രാഷ്ട്രീയവും പകല്‍പോലെ വ്യക്തമെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും ജോ ജോസഫ് ഓര്‍മിപ്പിച്ചു. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോള്‍ പോകുന്ന പോലെ ആവശ്യമുള്ളപ്പോള്‍ ഇനിയും ലെനിന്‍ സെന്ററില്‍ പോകും. ഈ പോക്ക് പോയാല്‍ ചേട്ടന്‍ കുറേ ഊമക്കത്തുകള്‍ ഇനിയും എഴുതുമെന്നും ജോ ജോസഫ് പരിഹസിച്ചു.

സെപ്റ്റംബര്‍ 16ന്, കഴിഞ്ഞയാഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജീവിതത്തിലെ ഏറ്റവും ധന്യവും അതേസമയം അനേകം ആകുലതകള്‍ അലട്ടിയതുമായ 48 മണിക്കൂറുകളിലൂടെയാണ് കടന്നുപോയതെന്ന് ഡോ. ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 48 മണിക്കൂറിനുള്ളില്‍ ഒരേ ആശുപത്രിയില്‍ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: Jo Joseph says he received a silent letter after organ donation post