ഹോസ്റ്റലില്‍ മദ്യപിച്ചതിന് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴ
national news
ഹോസ്റ്റലില്‍ മദ്യപിച്ചതിന് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 1:49 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപിച്ച് 1.79 ലക്ഷം രൂപ പിഴ ചുമത്തി സര്‍വകലാശാല അധികൃതര്‍. മദ്യവും ഹുക്കയും ഉപയോഗിച്ചെന്നും പുറത്തുനിന്നും വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചുവെന്നും കാണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

അഞ്ച് ദിവസത്തിനകം പിഴയൊടുക്കണമെന്ന് കാണിച്ച് ജനുവരി എട്ടിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നുള്‍പ്പെടെ പുറത്താക്കുമെന്നും കൂടുതല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മദ്യം കഴിക്കുന്ന 12 പേരെ വിദ്യാര്‍ത്ഥികളുടെ മുറിയില്‍ കണ്ടതും ഹോസ്റ്റല്‍ പരിസരത്ത് ശല്യമുണ്ടാക്കിയതും ഹോസ്റ്റല്‍ നിയമങ്ങളുടെ ലംഘനമാണെന്നും കാണിച്ചായിരുന്നു സര്‍വകലാശാല അധികൃതര്‍ ആദ്യ അറിയിപ്പ് നല്‍കിയത്.

പുറത്തുനിന്നും വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിനുള്ളില്‍ കയറ്റിയതിന് 60,000 രൂപയും മദ്യപിച്ചതിന് 2000 രൂപയും ഇന്റക്ഷന്‍ സ്റ്റൗവും ഹീറ്ററും കൈവശം വച്ചതിന് 6000 രൂപയും ഹുക്ക ഉപയോഗിച്ചതിന് 2000 രൂപയും അക്രമാസക്തമായി പെരുമാറിയതിന് 10,000 രൂപയും ഉള്‍പ്പെടെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് 80,000ത്തിലധികം രൂപയാണ് പിഴ ഈടാക്കുമെന്ന് അറിയിച്ചത്.

പിന്നാലെ അയച്ച രണ്ടാമത്തെ നോട്ടീസില്‍ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും നിരവധി പേര്‍ മദ്യം കഴിച്ചുവെന്നും വാര്‍ഡനും സെക്യൂരിറ്റി ജീവനക്കാരുമടക്കം വാതില്‍ തുറക്കാന്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ലെന്നും ആരോപിക്കുന്നുണ്ട്.

അതേസമയം ഹോസ്റ്റല്‍ അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളുമുണ്ട്. കൊള്ളയടിക്കാനുള്ള നടപടികളാണെന്നും എ.ബി.വി.പിയെ പിന്തുണക്കാത്തതിനുള്ള പകരം വീട്ടലാണെന്നും ആരോപണമുണ്ട്.

സെമസ്റ്റര്‍ ഫീസായി 200 രൂപ മാത്രം വാങ്ങുന്ന സര്‍വകലാശാലയില്‍ പിഴ തുകയായി ലക്ഷങ്ങള്‍ വാങ്ങുന്നുവെന്നും എ.ബി.വി.പിയെ പിന്തുണക്കാത്തവരിലാണ് പിഴ ചുമത്തുന്നതെന്നും ഹോസ്റ്റല്‍ മുന്‍ പ്രസിഡന്റ് കുനാല്‍ കുമാര്‍ പറഞ്ഞു.

Content Highlight: JNU students fined Rs 1.79 lakh for drinking in hostel