ജാതി, സദാചാരം; സംഘപരിവാറിന് മണ്ണൊരുക്കുന്ന കേരളവര്‍മ അധികാരികള്‍
DISCOURSE
ജാതി, സദാചാരം; സംഘപരിവാറിന് മണ്ണൊരുക്കുന്ന കേരളവര്‍മ അധികാരികള്‍
അജിത് ഇ.എ.
Saturday, 8th October 2022, 7:56 pm
ജാതിയായാലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളായാലും ഗുരുകുലത്തിന്റെ റെപ്ലിക്ക സൃഷ്ടിക്കലായാലും സംഘപരിവാറിന് ഉതകുന്ന മണ്ണൊരുക്കുന്നുണ്ട് ശ്രീ കേരളവര്‍മയില്‍. അത് ഉത്പാദിപ്പിക്കുക വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് വേണ്ട ചേരുവകളായിരിക്കും.

ജെ.എന്‍.യുവില്‍ പഠിക്കുന്ന കാലത്ത് അവിടെ ഒരു മുത്തുകൃഷ്ണനുണ്ടായിരുന്നു. രണ്ട് സംഘടനകളിലായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും (അവനോളം അനുഭവിച്ചില്ലെങ്കിലും) സമാനമായ സാമൂഹ്യപരിസരം അവനെ എന്റെ കൂട്ടത്തിലൊരുവനാക്കി. അവന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയായിരുന്നു ഒരു ഹോളി ദിവസം കേട്ടത്. അല്ലെങ്കിലും നിറങ്ങളുടെ നിറങ്ങളുടെ ആഘോഷത്തില്‍ കറുപ്പിനെന്ത് കാര്യം അല്ലേ?

ജാതിയുടെ കാര്യത്തില്‍ നൊട്ടോറിയസ് ആയി പേരുകേട്ട ചരിത്ര വിഭാഗത്തിലായിരുന്നു അവന്‍ പഠിച്ചിരുന്നത്. അവിടെ നേരിട്ട അവഗണനകളായിരിക്കാം അവനെ ആത്മഹത്യയെന്ന മോശം ചോയ്സിലേക്ക് നയിച്ചത്.

ഞാന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന കാലം. അന്ന് രോഹിത് വെമുല എസ്.എഫ്.ഐയില്‍ ആണ്. എത്ര പോസ്റ്ററുകളായിരുന്നു അവനൊപ്പം ഒട്ടിച്ചത്. ഒരു ദിവസം രോഹിത്തും സ്വയം ജീവിതമവസാനിപ്പിച്ചു.

ഇടത്തേയറ്റം അജിത്, വലത്തേയറ്റം രോഹിത് വെമുല

ജീവിതസാഹചര്യങ്ങളോട് പൊരുതി നേടിയ ഫെല്ലോഷിപ്പ് ലഭിക്കുന്നതിനും ജാതിയെന്ന ഹര്‍ഡില്‍സ് ചാടിക്കടക്കണം എന്ന യാഥാര്‍ത്ഥ്യവും അവനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചിട്ടുണ്ടാവുക.

അവസാനമായി രോഹിത് ഇങ്ങനെയെഴുതി; ‘My birth is my fatal accident’

രോഹിത് വെമുല

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത്രയും ശക്തമാണ് ജാതി. ജെ.എന്‍.യുവില്‍ എത്തിയ ശേഷമാണ് ജാതിയെക്കുറിച്ചുള്ള അറിവുകള്‍ കൂടുതല്‍ വിപുലമായത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യമായി ഇടപെട്ട വിഷയംതന്നെ ഇത്തരത്തില്‍ ഒന്നായിരുന്നു. എന്‍ട്രന്‍സ് ക്ലിയര്‍ ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെന്ററില്‍ (സി.ഐ.ടി.ഡി) അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു, അതില്‍ നാല് പേരും ദളിതര്‍. ഞങ്ങളുടെ സമരം അഞ്ചുപേര്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിലേക്ക് നയിച്ചു. ആ സമരം വിജയിക്കുമ്പോഴേക്കും മറ്റൊന്ന് വന്നു.

ആ വര്‍ഷം ജെ.എന്‍.യു എന്‍ട്രന്‍സ് എഴുതിയ വിദ്യാര്‍ത്ഥികളില്‍ എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു (റഷ്യന്‍ സ്റ്റഡീസ്). എഴുത്തുപരീക്ഷയില്‍ ഏറ്റവും മൂന്നിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അവന്‍ എങ്കിലും വൈവയില്‍ രണ്ട് മാര്‍ക്ക് മാത്രമിട്ട് അവന് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യം ജെ.എന്‍.യു അധികാരികള്‍ സൃഷ്ഠിച്ചു.

അതുമായി ബന്ധപ്പെട്ട ആര്‍.ടി.ഐ അന്വേഷണങ്ങളില്‍ ഒരു കാര്യം മനസ്സിലായി. ആ സെന്ററിലെ എല്ലാ എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാര്‍ത്ഥികളുടെയും അവസ്ഥ ഇതുതന്നെ. നോണ്‍-റിസര്‍വ്ഡ് കാറ്റഗറിയിലെ വിദ്യാര്‍ത്ഥികള്‍ വൈവയില്‍ 30ല്‍ 20ല്‍ അപ്പുറം മാര്‍ക്ക് നേടുമ്പോള്‍ എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് അല്ലെങ്കില്‍ രണ്ട് മാത്രം. എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ആ ഒന്നും രണ്ടും മാര്‍ക്ക് വൈവയില്‍ കൊടുത്ത് റാങ്ക് ലിസ്റ്റില്‍ താഴെയെത്തിച്ചത്. അന്ന് 21 വിദ്യാര്‍ത്ഥികള്‍ക്കാണ് വൈവയില്‍ ഒരു മാര്‍ക്ക് കൊടുത്തിട്ടുള്ളത്. അതില്‍ എട്ട് പേര്‍ എസ്.സിയും എട്ട് പേര്‍ ഒ.ബി.സിയും നാല് പേര്‍ എസ്.ടി വിദ്യാര്‍ത്ഥികളുമായിരുന്നു.

എന്തുകൊണ്ട് പിന്നോക്ക ജാതിയിലുള്ളവരെ മാത്രം ഇങ്ങനെ തരംതാഴ്ത്തുന്നു. ഉത്തരം ഒന്നുമാത്രം, ജാതി. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇടതുപക്ഷ അധ്യാപകരാണ് ആ സെന്ററിന് അനുകൂലമായി വാദിക്കാന്‍ വന്നത് എന്നതാണ്.

2015-16 വര്‍ഷത്തെ വിന്റര്‍ സെമസ്റ്ററില്‍ 73 പി.എച്ച്.ഡി ഗവേഷകരാണ് ജെ.എന്‍.യുവില്‍ ഡയറക്റ്റ് അഡ്മിഷന്‍ എടുത്തത്. ഡയറക്റ്റ് അഡ്മിഷന്‍ എന്നു പറഞ്ഞാല്‍ 100 ശതമാനം വൈവ ആണ്. വൈവ ബോര്‍ഡിന് ആരെയും തെരഞ്ഞെടുക്കാനുള്ള ഡിസ്‌ക്രീഷനുണ്ട്. അവര്‍ അങ്ങനെ എടുത്തതില്‍ ഒരു എസ്.സി/എസ്.ടി ഗവേഷകന്‍ പോലും ഉണ്ടായിരുന്നില്ല എന്നത് ആര്‍.ടി.ഐ വച്ചെടുത്ത ഡാറ്റയാണ്. പുരോഗമനം വേണ്ടുവോളം പറയുന്ന ഹിസ്റ്ററി സെന്ററില്‍ വര്‍ഷങ്ങളായി ഇങ്ങനെയാണ് നടക്കുന്നത്. പോസ്റ്റ് മോഡേണിസ്റ്റുകളുടെ സെന്ററുകളിലും അവസ്ഥ വ്യത്യസ്തമല്ല. പിന്നോക്ക ജാതിക്കാര്‍ എല്ലായിടത്തും തഴയപ്പെടുന്നു.

അതില്‍നിന്നും ഒരു കാര്യം മനസ്സിലായി, ഇന്ത്യന്‍ അക്കാദമിക്സില്‍ ജാതി സാര്‍വത്രികമാണ്.

ജെ.എന്‍.യു

കൊവിഡ് ദല്‍ഹിയില്‍ സ്ഥിരീകരിച്ച ആദ്യ ദിവസമാണ് ഞാന്‍ കേരളത്തിലെത്തിയത്. പിന്നീട് ഇതുവരെ തിരിച്ചുപോവാന്‍ സാധിച്ചിട്ടില്ല. മോശമായ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും തൊഴില്‍ ചെയ്തേ മതിയാകൂ എന്നായി. അങ്ങനെ താല്‍ക്കാലികമായി ഗസ്റ്റ് അധ്യാപനം തെരഞ്ഞെടുത്തു, തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജില്‍. ആദ്യവര്‍ഷം കുഴപ്പമില്ലാതെ നീങ്ങി. സവര്‍ണ സ്വത്വം വാലായി പേറിനടക്കുന്ന ഒരു സ്പോര്‍ട്‌സ് ഫാക്കല്‍റ്റിയായിരുന്നു രണ്ടാം വര്‍ഷം പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്. കാര്യങ്ങള്‍ അവിടെ മാറിത്തുടങ്ങി.

ജെ.എന്‍.യുവിലെ ഞാന്‍ പഠിച്ച എം.ഫില്‍/പി.എച്ച്.ഡി കോഴ്സിന് ഒന്നാം റാങ്കുകാരനായായിരുന്നു ഞാന്‍ ചേര്‍ന്നത്. അതിന് മുമ്പ് പഠിച്ചിരുന്ന കേരള യൂണിവേഴ്സിറ്റിയിലും ഒന്നാം റാങ്കുകാരനായാണ് ഞാന്‍ ജോയിന്‍ ചെയ്തത്. അതുകൂടാതെ ഞാന്‍ എന്‍ട്രന്‍സ് എഴുതിയ എല്ലാ കോഴ്സുകളിലും അതേ വര്‍ഷം അഡ്മിഷന്‍ നേടിയിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് അത്ര സുഖകരമായ വഴികളിലൂടെ കടന്നുപോയായിരുന്നില്ല. ഒരു ടിപ്പിക്കല്‍ തൊഴിലാളി വര്‍ഗ കുടുംബം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നേരിട്ടിരുന്ന ഒരു ജാതിയില്‍ ജനിച്ചതിന്റെ സാമൂഹ്യ പശ്ചാത്തലം. ആ വര്‍ഗ-സാമൂഹ്യ പശ്ചാത്തലം തന്നെയാണ് എനിക്ക് പഠിക്കാനും കഴിയും എന്ന് മനസ്സിലാക്കിയെടുക്കാന്‍ എന്നെ വൈകിപ്പിച്ചത്. ആ തിരിച്ചറിവിന് മൂന്നു വര്‍ഷം നഷ്ടപ്പെടുത്തിയതിന്റെ ഭാരമുണ്ട്.

അങ്ങനെ പൊരുതി നേടിയ എന്റെ(യടക്കമുള്ള) ഗസ്റ്റ് അധ്യാപകരുടെ അക്കാദമിക ജീവിതമാണ് ഒരു വിലയിരുത്തലിന്റെയും അടിസ്ഥാനമില്ലാതെ ശ്രീ കേരളവര്‍മ കോളേജിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ‘…ഒരു ഒരു നിലവാരവും ഇല്ലാത്തത്” എന്ന് പറഞ്ഞ് മുദ്രകുത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ വരെ ഇങ്ങനെ സ്വന്തം സഹപ്രവര്‍ത്തകരെ അപമാനിക്കുന്ന സ്ഥിതിയുണ്ടായി. ഞങ്ങള്‍ നേടിയ അക്കാദമിക ബിരുദങ്ങളും ജേണല്‍ പ്രസിദ്ധീകരണങ്ങളും പ്രസന്റേഷനുകളും പുസ്തകങ്ങളും ഒക്കെ ഒരു നിമിഷം കൊണ്ട് ആവിയായി മാറി. എന്തിനുവേണ്ടിയായിരുന്നു ആ മുദ്രകുത്തല്‍ എന്ന് ആലോചിക്കുമ്പോള്‍ മറ്റു കാരണങ്ങള്‍ ഒന്നും കണ്ടെത്താനാവാതെ ജാതിയില്‍ തന്നെയാണ് എത്തിനില്‍ക്കുന്നത്.

അദ്ദേഹം സോഷ്യല്‍ മീഡിയ വഴി ഒരു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് ”ഭയങ്കര നിലവാരമാണ്” എന്ന് പറഞ്ഞ് അഭിനന്ദിക്കുന്ന മറ്റൊരു ഗസ്റ്റ് ഫാക്കല്‍റ്റിയുടെ ജാതി പരിസരം മികച്ചതും, താഴ്ത്തിക്കെട്ടിയ സ്ഥിരാധ്യാപികയുടെ ജാതിപരിസരം സാമൂഹ്യമായി താഴ്ന്നതും ആവുമ്പോള്‍ അവിടെയും ജാതിയുണ്ട് എന്ന് ഞാന്‍ കരുതുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

ഇതിനെതിരെ ഞാന്‍ ഒരു പ്ലാറ്റ്ഫോമില്‍ പരാതി നല്‍കി. ആശ്ചര്യങ്ങളൊന്നുമില്ലാതെ ആ പരാതിയും ഒരു നടപടികളും ഇല്ലാതെ ഒതുങ്ങി. പക്ഷേ കൃമികീടങ്ങളായി ജീവിച്ചുമരിക്കേണ്ട ഞങ്ങളൊക്കെ ഇങ്ങനെ ഒരു ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ പരാതി നല്‍കാമോ? ഇതാണ് ഫ്യൂഡലിസം മാറി ഭരണഘടന വന്നതിന്റെ കുഴപ്പം. ആളുകള്‍ എതിരാവാന്‍ വേറെ എന്തെങ്കിലും കാരണങ്ങള്‍ വേണോ!

അല്ല എന്താണ് ക്വാളിറ്റി? അതെങ്ങനെയാണ് താഴ്ന്ന ജാതിക്കാര്‍ക്ക് മാത്രം ഇല്ലാത്തതാവുന്നത്? ഇന്ത്യയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ഭയങ്കര അക്കാദമിക് ക്വാളിറ്റി ആണെന്നാണ് പൊതുബോധം, താഴ്ന്നവര്‍ക്ക് അതില്ലെന്നും. വിദേശ യൂണിവേഴ്സിറ്റികളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ദളിതരുടെയും മറ്റ് പിന്നോക്കക്കാരുടെയും കണക്കെടുത്താല്‍ മതി, ഈ വാദം പൊളിയും. ഇന്ത്യയിലെ ഈ സോ കോള്‍ഡ് ക്വാളിറ്റിക്കാര്‍ എല്ലാ മേഖലകളും കയ്യടക്കി വെച്ചിട്ടും ഇന്ത്യ ആഗോള പട്ടിണി സൂചികയില്‍ 101ാം സ്ഥാനത്താണ് എന്നത് വേറെ കാര്യം.

ഇത്രയും ക്വാളിറ്റിയുള്ളവര്‍ ഇന്ത്യന്‍ അക്കാദമിക്സില്‍ ഓവര്‍ പ്രാതിനിധ്യം നേടിയിട്ടും ഏകദേശം ഇന്ത്യയുടെ അതേ ജനസംഖ്യയുള്ള ചൈനയുടെ സാങ്കേതിക വികസനത്തിന്റെ നൂറിലൊന്നു പോലും ഇന്ത്യ എത്തിയില്ലെന്നതും ഓര്‍ക്കണം. ഇതൊക്കെ അന്വേഷിക്കുമ്പോള്‍ മെറിറ്റോക്രാറ്റുകളുടെയും ക്വാളിറ്റിക്കാരുടെയും വാദങ്ങളൊക്കെ പൊളിയും.

കേരളവര്‍മയിലേക്ക് തിരിച്ചുവരാം. ക്വാളിറ്റി ഇല്ലാത്തവരാണ് ഗസ്റ്റ് അധ്യാപകരെന്ന് അധിക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ യോഗ്യത എന്താണ്. 2018 യു.ജി.സി റെഗുലേഷന്‍ 4.1 (വി.എ); 15.1 വകുപ്പുകള്‍ പ്രകാരം 14 മണിക്കൂര്‍ വര്‍ക്ക് ലോഡുള്ള ഒരു അസോസിയേറ്റ് പ്രൊഫസര്‍ക്കോ പ്രൊഫസര്‍ക്കോ ആണ് പ്രിന്‍സിപ്പാള്‍ ആകാന്‍ സാധിക്കുക. കേരളവര്‍മ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഒരു ടീച്ചിങ്/ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് അല്ലാത്ത ഡിപ്പാര്‍ട്ട്മെന്റിലെ ഫാക്കല്‍റ്റി ആയതുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റിന് വര്‍ക്ക് ലോഡ് എന്ന സങ്കല്‍പ്പം തന്നെ ഇല്ല.

വര്‍ക്ക് ലോഡല്ല ഇത്തരം ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡം, 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഫാക്കല്‍റ്റി എന്നതാണ്. യു.ജി.സി റെഗുലേഷന്‍ പ്രകാരം ഇത്തരക്കാര്‍ ഡയറക്ടര്‍മാര്‍ ആണ്, പ്രൊഫസര്‍മാര്‍ അല്ല. കേരള ഹയര്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഒരു ഓര്‍ഡര്‍ പ്രകാരം കോളേജുകളിലെ പ്രിന്‍സിപ്പാളുമാര്‍ അവരുടെ വര്‍ക്ക് ലോഡില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും ചെലവഴിക്കണം എന്നുണ്ട്.

വര്‍ക്ക് ലോഡ് ഇല്ലാത്ത കേരളവര്‍മ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എങ്ങനെ ഇല്ലാത്ത സാധനം ചെലവഴിക്കാനാണ്! അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പാള്‍ ആവാനുള്ള പ്രാഥമിക യോഗ്യത തന്നെ ചോദ്യത്തിലാണ്.

ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഫാക്കല്‍റ്റികളെ മറ്റ് അധ്യാപകര്‍ക്ക് തത്തുല്യമാക്കിയ ഒരു ഓര്‍ഡര്‍ ഉണ്ട് എന്നാണ് മറ്റൊരു വാദം. പക്ഷേ 2018ലെ യു.ജി.സി റെഗുലേഷന്‍ (Gaztteed) പ്രകാരം, ഉണ്ടെങ്കില്‍ തന്നെ അതിന് സാധുത ഇല്ലാതായി. റെഗുലേഷന്‍ പ്രകാരം ഇത്തരം ഫാക്കല്‍റ്റികള്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍മാര്‍ മാത്രമാണ്. ആ പദവിയിലുള്ള ഒരാള്‍ക്ക് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ആവാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ ലൈബ്രേറിയനും സൂപ്രണ്ടിനും ക്ലര്‍ക്കുമാര്‍ക്കും പ്യൂണ്‍മാര്‍ക്കും ഒക്കെ കേരളവര്‍മയുടെ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ആവാന്‍ സാധിക്കണം.

ഇത്തരം പദവികളെ വിലകുറച്ച് കാണുകയല്ല. പക്ഷേ ഇവിടെ ഓരോ പദവികള്‍ക്കും ഒരു എലിജിബിലിറ്റി അനുശാസിക്കുന്നുണ്ട്. നിയമപരമായി അതിന് മാത്രമാണ് സാധുത.

എന്താണ് കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജാതിയുടെ കാര്യത്തില്‍ ഒരു സ്ട്രക്ചറല്‍ ഇഷ്യൂ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് റിസര്‍വേഷന്‍ ഇതുവരെ ബാധകമാക്കിയിട്ടില്ല.

ഒരു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം അനുസരിച്ച് എയ്ഡഡ് കോളേജുകളിലെ എസ്.സി/എസ്.ടി പ്രതിനിധ്യം വെറും 0.54 ശതമാനം മാത്രമാണ്. കേരളത്തിലെ ജനസംഖ്യയില്‍ 12 ശതമാനം ശതമാനം വരുന്ന ഒരു വിഭാഗത്തിനാണ് ഇത്രയും കുറഞ്ഞ പ്രാതിനിധ്യം. ഇത്തരത്തിലുള്ള ഒരു സാമൂഹ്യഘടനയെ എങ്ങനെ ജാതി വിമുക്തം എന്ന് വിളിക്കാനാവും?

ഇത്തരം വിഷയങ്ങള്‍ ഞാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം എഴുതാറുണ്ട്. ഒരു സെമി ഫ്യൂഡല്‍ രാജ്യമായ ഇന്ത്യയില്‍ ജാതിയില്ല എന്ന് പറഞ്ഞാല്‍ ശരിയാവില്ലല്ലോ! ഇത്തരം എഴുത്തുകള്‍ കേരളവര്‍മയിലെ പലര്‍ക്കും അത്ര ദഹിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

കേരളവര്‍മ കോളേജിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍. അതിലെ ഒരു പ്രധാന ഐറ്റമായിരുന്നു ‘വജ്രമുദ്ര’ പുരസ്‌കാരം. ഒരു സെലക്ഷന്‍ പ്രോസസും ഇല്ലാത്ത ഒരു പുരസ്‌കാരം. അതില്‍ പുരസ്‌കാരം നേടിയ അഞ്ചില്‍ അഞ്ച് വ്യക്തികളും സവര്‍ണ ജാതിയില്‍ പെട്ടവരായിരുന്നു. ഈ യാഥാര്‍ത്ഥ്യം ഞാന്‍ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഒരു സെമിനാറില്‍, പ്രഭാഷകന്‍ ജാതിക്കെതിരെ നടത്തേണ്ട പോരാട്ടങ്ങളെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ അതേ വേദിയിലെ ചോദ്യോത്തര വേളയില്‍ പബ്ലിക്ക് ആയി പറഞ്ഞു. പല ആളുകളുടെയും മുഖം ചുളിയുന്നത് നേരിട്ട് കാണാമായിരുന്നു. ഒരു ഉന്നത വിദ്യാഭാസസ്ഥാപനം പുരോഗമനപരമായി ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ നാട് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തന്നെ കഴിയേണ്ടി വരും.

ഇത്തരം തുറന്ന പ്രതികരണങ്ങളെ സ്ഥാപനത്തിന്റെ ‘സല്‍പ്പേര്’ കളയുന്നത് എന്ന് മുദ്രകുത്തി ഇല്ലാതാക്കാനായിരുന്നു അധികാരികളുടെ ശ്രമം.

അഭിപ്രായം പറയുന്നതിന് വിലക്കുള്ള രാജ്യമാണോ ഇന്ത്യ? ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെങ്കിലും അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എവിടെ ഉണ്ടാവാനാണ്? ഭരണഘടന പഠിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ഞാന്‍ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ പഠിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ്?

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കോളേജില്‍ നിന്ന് പഴി കേട്ടിട്ടുള്ളത് ആദ്യമായല്ല. ആര്‍ത്തവം അശുദ്ധിയാണ് എന്ന വിശ്വാസത്തിന് ശാസ്ത്രമുണ്ടോ? ഉണ്ട് എന്നാണ് ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജിന്റെ അഭിപ്രായം. ഇത് പറയാന്‍ തെരഞ്ഞെടുത്ത ദിവസമാണ് അതിലും രസകരം. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനം. അന്താരാഷ്ട്ര വനിതാ ദിനത്തിന് മലയാളം വിഭാഗം സംഘടിപ്പിച്ച ഒരു പബ്ലിക്ക് ടോക്കിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ അഭിപ്രായത്തിനെതിരെ ചോദ്യോത്തര വേളയില്‍ അതേ വേദിയില്‍ പ്രതിഷേധം അറിയിച്ചു. ഞാന്‍ മാത്രമല്ല പ്രതിഷേധിച്ചത്, ചില വിദ്യാര്‍ത്ഥികളും പ്രഭാഷകയും പ്രതികരിച്ചിരുന്നു. സംഘപരിവാറിന്റെ വാട്‌സാപ്പ് യൂണിവേഴ്സിറ്റികളാണ് ഇത്തരം സ്യൂഡോ സയന്‍സ് പ്രചരിപ്പിക്കാറ്. വനിതാ ദിനത്തില്‍ ഇത്തരമൊരു പരാമര്‍ശം എന്റെ സ്ഥാപനത്തില്‍ നിന്ന് കേട്ടത് തെല്ലൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്.

ഒരു അക്കാദമിക സ്ഥാപനത്തിന്റെ മേധാവി ഇത്തരത്തില്‍ ചെറുതാവുന്നത് അക്കാദമിക്സിനോ കോളേജിനോ എന്തെങ്കിലും തരത്തില്‍ ഗുണമുണ്ടാക്കുമോ? തുറന്ന മനസ്സുകളിലേ അറിവ് വളരുകയുള്ളൂ. അതിനുള്ള സ്വാതന്ത്ര്യമില്ലെങ്കിലോ? കേരളവര്‍മ സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു ഇതുവരെ. ആ സ്വാതന്ത്ര്യം ഇവിടുത്തെ അക്കാദമിക സമൂഹം ശരിയായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്? സ്വാതന്ത്ര്യത്തിന് മേല്‍ പുതിയ പരിഷ്‌കാരങ്ങളുടെ ചങ്ങലയിടുകയാണ്.

ഒരിക്കല്‍ ഒരു ഒഴിവുദിവസം ഞാന്‍ ഒരു സ്പെഷ്യല്‍ ക്ലാസിലായിരുന്നു. ക്ലാസിനായി കെട്ടിടത്തില്‍ കയറിയപ്പോള്‍ പിറകേ വന്ന സെക്യൂരിറ്റി എന്നെയും വിദ്യാര്‍ത്ഥികളെയും അകത്താക്കി, പുറമേ നിന്ന് താഴിട്ട് പൂട്ടുന്നു. എന്തിനെന്ന് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജിന്റെ പുതിയ പരിഷ്‌കാരം ആണെന്നായി മറുപടി. പൂട്ടിയിട്ട കെട്ടിടത്തില്‍ എങ്ങനെ സമാധാനത്തോടെ ഇരിക്കാനാ! ഞാനിതിനെതിരെ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസത്തില്‍
പരാതി നല്‍കി. ആ പരാതിയില്‍ ഇതുവരെ ഹിയറിങ്ങിന് പോലും വിളിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല ഈ വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഞാന്‍ തുറന്നുപറച്ചിലിലൂടെ സ്ഥാപനത്തിന്റെ സല്‍പ്പേര് കളഞ്ഞ തെറ്റുകാരനുമായി.

ഇങ്ങനെ പൂട്ടിയിടുന്നത് മറ്റൊന്നിനുമല്ല. സദാചാരത്തിന്റെ താഴാണ് അന്നിട്ടത്. ആണും പെണ്ണും ഒരുമിച്ച് ക്ലാസ് വരാന്തകളില്‍ സല്ലപിക്കേണ്ട എന്ന മനോഭാവത്തില്‍ നിന്നാണ് പൂട്ടുകള്‍ ജനിക്കുന്നത്. ഇത്തരത്തില്‍ ചുരുങ്ങാനാകുമോ ഒരു ക്യാമ്പസ്സിന്?

എന്താണ് അക്കാദമിക്സ്? അച്ചടക്കം പഠിപ്പിക്കലാണോ അത്? തുറന്നിരിക്കുന്ന മനസ്സുകളെ സൃഷ്ഠിക്കാനായില്ലെങ്കില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എങ്ങനെയാണ് അതിനോട് നീതിപുലര്‍ത്തുക?

ജാതിയായാലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളായാലും ഗുരുകുലത്തിന്റെ റെപ്ലിക്ക സൃഷ്ടിക്കലായാലും സംഘപരിവാറിന് ഉതകുന്ന മണ്ണൊരുക്കുന്നുണ്ട് ശ്രീ കേരളവര്‍മയില്‍. അത് ഉത്പാദിപ്പിക്കുക വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് വേണ്ട ചേരുവകളായിരിക്കും.

ഇനി ഇതൊക്കെ തുറന്ന് പറഞ്ഞാലോ, എന്ത് സംഭവിക്കും? തൊഴിലില്ലാതെ വീട്ടില്‍ കുത്തിയിരിക്കേണ്ടി വരും. അതിനുള്ള സൂചനകളാണ് വരുന്നത്. 2022 മെയ് മാസത്തിലാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ കേരളവര്‍മയില്‍ നടക്കുന്നത്. എന്റെ സബ്ജക്റ്റായ പൊളിറ്റിക്കല്‍ സയന്‍സിലും നടന്നിരുന്നു. ഇന്റർവ്യൂ പാനലിൽ ഒരാൾ പോലും പിന്നോക്ക ജാതിയിൽ പെട്ടവരായി ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുത. മാത്രമല്ല ഇന്റര്‍വ്യൂ ബോര്‍ഡില്‍ എനിക്ക് പരാതി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അത് കണ്‍വീനറെ എഴുതി അറിയിക്കുകയും ചെയ്തിരുന്നു. ആ പരാതിയില്‍ ഇതുവരെ ഒരു ഹിയറിങ്ങിന് പോലും വിളിച്ചിട്ടില്ല. അതൊക്കെ പോട്ടെ, ഇന്റര്‍വ്യൂ റാങ്ക് ലിസ്റ്റ് പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഞാന്‍ വിവരാവകാശ നിയമം വഴി അപേക്ഷിച്ചിട്ടും തന്നിട്ടില്ല. വകുപ്പ് 7(1) പ്രകാരമാണ് ഞാന്‍ അപേക്ഷിച്ചത്.

ലൈഫ് ആന്‍ഡ് ലിബര്‍ട്ടി കണ്‍സേണ്‍ ഉള്ള വിഷയങ്ങളില്‍ അടിയന്തരമായി മറുപടി തരണം എന്നാണ് നിയമം. പക്ഷേ എന്റെ തൊഴിലും ഉപജീവനവുമായി ബന്ധപ്പെട്ട ഈ വിഷയം ലൈഫ് ആന്‍ഡ് ലിബര്‍ട്ടിയുടെ ഡെഫനിഷനില്‍ വരില്ല എന്നാണ് അധികാരികള്‍ പറയുന്നത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ലൈഫ് ആന്റ് ലിബര്‍ട്ടി വ്യാഖ്യാനിക്കാനായില്ലെങ്കില്‍ ആര് വ്യാഖ്യാനിക്കാനാണ്. റാങ്ക് ലിസ്റ്റ് ഓള്‍റെഡി അവരുടെ കയ്യിലുള്ളതാണ്, പ്രത്യേകിച്ച് ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല. അത് തരാനാണ് അവര്‍ അറച്ചുനില്‍ക്കുന്നത്.

ഞാന്‍ ആര്‍.ടി.ഐയിലൂടെ അപേക്ഷിച്ച ആവശ്യങ്ങള്‍ നിര്‍വഹിച്ചു തരില്ല എന്ന് രജിസ്റ്റേഡ് ആയി മറുപടി തരാനുള്ള ആളും സമയവും ആ സ്ഥാപനത്തിനുണ്ട്. പക്ഷേ കയ്യിലിരിക്കുന്ന പേപ്പര്‍ ഒന്ന് ഫോട്ടോസ്റ്റാറ്റ് എടുത്തുതരാന്‍ തയ്യാറല്ല. കാര്യങ്ങള്‍ അത്ര വെടിപ്പായല്ല മുന്നോട്ടുപോകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്താണ് അവര്‍ മറച്ചുപിടിക്കുന്നത്, ആരെയാണ് അവര്‍ ഒഴിവാക്കുന്നത്? ഇതിനുള്ള ഉത്തരം എനിക്ക് വ്യക്തമാണ്. ഇത് വായിക്കുന്നവര്‍ക്കും വ്യക്തമാകും എന്ന് കരുതുന്നു.

‘My birth is my fatal accident’

വര്‍ഗപരമായും ജാതിപരമായും ശ്രേണിയിലെ താഴെയുള്ള നിലകളില്‍ നില്‍ക്കുന്നവര്‍ അടങ്ങിയൊതുങ്ങി ജീവിച്ചുകൊള്ളണം എന്ന പാഠമാണ് ഇക്കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ പഠിച്ചത്. പദവികള്‍തന്നെ നമുക്ക് കിട്ടിയ അവരുടെ ഔദാര്യമാണ്. നമ്മള്‍ പൊരുതി നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ ശ്രേണിയുടെ പടികളില്‍ വീണുടയും. ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് പറയരുത്, അഭിപ്രായം തുറന്ന് പ്രകടിപ്പിക്കരുത്, സ്വാതന്ത്യം അനുഭവിക്കരുത് എന്നൊക്കെയാണ് അധികാരി വര്‍ഗം നമ്മളെ പഠിപ്പിക്കുന്നത്. പുഴുക്കള്‍ പുഴുക്കളായി ജീവിച്ചുകൊള്‍ക. മെത്തകള്‍ നിങ്ങള്‍ക്കവകാശപ്പെട്ടതല്ല.

Content Highlight: JNU student Ajith talks about the casteism that exists in Indian universities, in Thrissur KeralaVarma college

അജിത് ഇ.എ.
PhD ഗവേഷകൻ, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂദൽഹി