എഡിറ്റര്‍
എഡിറ്റര്‍
ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ
എഡിറ്റര്‍
Friday 10th November 2017 8:59am


ന്യൂദല്‍ഹി: അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ. ബ്ലോക്കിന്റെ പടികള്‍ക്ക് മുന്നില്‍ നാലുപേര്‍ ബിരിയാണി വെച്ചെന്നും മറ്റുവിദ്യാര്‍ത്ഥികള്‍ക്കൊപ്പം കഴിച്ചെന്നും സര്‍വകലാശാല പറയുന്നു.

ജൂണില്‍ നടന്ന സംഭവത്തിന്റെ പേരിലാണ് നടപടി. 6000ത്തിനും 10,000 ഇടയിലുള്ള തുകയാണ് പിഴയായി വിധിച്ചതെന്ന് ചീഫ് പ്രോക്ടര്‍ കൗശല്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. 10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും സര്‍വകലാശാല നോട്ടീസില്‍ പറയുന്നു.

പിഴ ശിക്ഷ വിധിക്കപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സതരൂപ ചക്രബര്‍ത്തിക്കെതിരെ വി.സിയുടെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

ജൂണ്‍ 27നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ മൊഹിത് കുമാര്‍ പാണ്ഡെയുടെയും ചക്രബര്‍ത്തിയുടെയും നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ വി.സിയുമായി സംസാരിക്കാന്‍ ഓഫീസിലെത്തിയിരുന്നത്. തങ്ങളെ കേള്‍ക്കാന്‍ വി.സി തയ്യാറാകുന്നത് വരെ വിദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസില്‍ തന്നെ നിന്നിരുന്നു. ഇതിന് ശേഷം ബിരിയാണി വെച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അതേ സമയം സര്‍വകലാശാല നടപടിക്കെതിരെ വിമര്‍ശനം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ജെ.എന്‍.യു പോലുള്ള റെസിഡന്‍ഷ്യല്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ബിരിയാണി വെക്കുന്നത് പരിശോധിക്കലാണോ സര്‍വകലാശാല പ്രോക്ടറുടെ ജോലിയെന്ന് സതരൂപ ചക്രബര്‍ത്തി ചോദിച്ചു.

Advertisement