ന്യൂദല്‍ഹി: ദേശീയ സുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം നിര്‍ത്തിവെച്ച് ജെ.എന്‍.യു. ഇനോനു സര്‍വകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം ജെ.എന്‍.യു താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രം താത്കാലികമായി നിര്‍ത്തിവെച്ചതായി ജെ.എന്‍.യു അധികൃതര്‍ എക്സിലൂടെ അറിയിച്ചു. 2025 ഫെബ്രുവരി മൂന്നിന് ഒപ്പുവെച്ച ധാരണാപത്രമാണ് ഇരു വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോള്‍ നിര്‍ത്തിവെച്ചത്.
മൂന്ന് വര്‍ഷത്തേക്കാണ് ജെ.എന്‍.യുവും ഇനോനുവും അക്കാദമിക് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച്, ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, വിദ്യാര്‍ത്ഥി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇരു സ്ഥാപനങ്ങളും തീരുമാനത്തിലെത്തിയിരുന്നു.
ഇനോനു വെബ് സൈറ്റിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഏകദേശം 150,000 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം, ആര്‍ട്‌സ്, തത്വചിന്ത, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദം നല്‍കിയിട്ടുണ്ട്.
ഇതിനിടെ പാകിസ്ഥാന് തുര്‍ക്കി ഡ്രോണുകള്‍ നല്‍കി സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ രാജ്യത്ത് ടര്‍ക്കിഷ് മാധ്യമമായ ടി.ആര്‍.ടി വേള്‍ഡ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. കൂടാതെ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍, മാര്‍ബിള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതിയും ഇന്ത്യ വെട്ടിക്കുറച്ചു.
തുര്‍ക്കിയുമായി ദീര്‍ഘകാല സാമ്പത്തിക സഹകരണ കരാറുകള്‍ നിലനില്‍ക്കെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍. പ്രധാനമായും തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് മാര്‍ബിള്‍, ആപ്പിള്‍, സ്വര്‍ണം, പച്ചക്കറികള്‍, ധാതു എണ്ണ, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ്.
അതേസമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് തെളിവ് ലഭിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തിയത്. ഇതില്‍ ഏകദേശം 100ഓളം ഭീകരര്‍ മരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാന്റെ വ്യോമത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യ തകര്‍ത്തിരുന്നു.
Content Highlight: JNU cancels MoU with Turkish university