ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ജനത മുക്തി മോര്‍ച്ച (ജെ.എം.എം) എന്‍.ഡി.എയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇതോടെ ജെ.എം.എം എന്‍.ഡി.എയില്‍ ചേരുമോ എന്നതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് ഗാംഗ്വാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും ജാര്‍ഖണ്ഡില്‍ ഭരണമാറ്റം ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്നും വിലയിരുത്തലുണ്ട്.
മാത്രമല്ല സംസ്ഥാനത്തെ 16 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ കുറഞ്ഞത് എട്ട് പേരെങ്കിലും എന്‍.ഡി.എയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാന്‍ 16 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ കുറഞ്ഞത് 11 പേരെങ്കിലും പാര്‍ട്ടി വിടേണ്ടി വരും.
അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നിയമസഭാ സ്പീക്കറാണ്. ജെ.എം.എമ്മിന്റെ രബീന്ദ്ര നാഥ് മഹ്തോയാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ സ്പീക്കര്‍.
2024ല്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിന് മുമ്പേ സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.ഇതിനുപിന്നാലെ ജെ.എം.എം നേതാവായിരുന്ന ചമ്പായി സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.
ഇ.ഡി അറസ്റ്റിന് ശേഷം ഏകദേശം അഞ്ച് മാസം കഴിഞ്ഞ് ജൂണ്‍ 28നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ ചമ്പായി സോറന്‍ രാജിവെക്കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.