മമ്മൂക്കയുടെ വേറൊരു രൂപം തന്നെയാണ് വിനായകനും; അദ്ദേഹം അഭിനയിക്കുമ്പോള്‍ പുതുമ കടന്നുവരും: ജിതിന്‍ കെ.ജോസ്
Malayalam Cinema
മമ്മൂക്കയുടെ വേറൊരു രൂപം തന്നെയാണ് വിനായകനും; അദ്ദേഹം അഭിനയിക്കുമ്പോള്‍ പുതുമ കടന്നുവരും: ജിതിന്‍ കെ.ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 3:53 pm

മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തുന്ന കളങ്കാവല്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ കെ.ജോസ്. നവംബര്‍ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കഴിഞ്ഞ ദിവസം മാറ്റുകയുണ്ടായിരുന്നു. ഇപ്പോള്‍ ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി സിനിമ ചെയ്യുക എന്ന് പറയുന്നത് എല്ലാവരെയും ആവേശഭരിതരാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു.

‘ഞാന്‍ ആദ്യമായി ചെയ്യുന്ന സിനിമയാണ്. എനിക്ക് മുന്‍ മാതൃകകളില്ല. അതിനാല്‍ത്തന്നെ മമ്മൂട്ടിയെ വച്ചാണ് സിനിമ ചെയ്യുന്നത് എന്നത് നേട്ടമാകുമ്പോള്‍ത്തന്നെ അതില്‍ കുറെ കടമ്പകളുമുണ്ടായിരുന്നു. പുതുമ കൊണ്ടുവരിക എന്ന വെല്ലുവിളിയുമുണ്ട്.

എന്നാല്‍, എഴുത്തില്‍ നിര്‍ബന്ധബുദ്ധിയോടെ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. മമ്മൂട്ടി അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും അതില്‍ പുതുമ കടന്നുവരും. അതുകൊണ്ടാണ് അദ്ദേഹം ഇത്രകാലമായിട്ടും ഇതിഹാസനടനായി നിലനില്‍ക്കുന്നത്,’ ജിതിന്‍ പറയുന്നു.

അതേസമയം, സിനിമ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും പുതുമ കൊണ്ടുവരണമെന്ന് ചിന്തിച്ച് ഒരുവിധ പരിശ്രമവും നടത്തിയിട്ടില്ലെന്നും എല്ലാം സ്വാഭാവികമായും കടന്നുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി എന്ന നടന്‍ നമ്മുടെ മനസിലുണ്ടെന്നും അത് മനസില്‍വച്ച് എഴുതി രൂപപ്പെടുത്തിയ സിനിമയാണ് കളങ്കാലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

‘അതേസമയം, അദ്ദേഹം എന്തുകൊണ്ട് മമ്മൂട്ടിയായി നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം ചിത്രീകരണത്തിനിടയില്‍ നമുക്ക് കിട്ടും. നമ്മുടെ സിനിമാ ഡിസൈനില്‍ നിന്ന് കൊണ്ട് അദ്ദേഹം തുടരെ തുടരെ കാര്യങ്ങള്‍ പറഞ്ഞുതരും. എല്ലാം അഭിപ്രായങ്ങളായാണ് പറയുക. നമുക്ക് ആവശ്യമെങ്കില്‍ എടുക്കാം.

അങ്ങനെ ഒരു കൊടുക്കല്‍, വാങ്ങല്‍ സിനിമയുടെ ചിത്രീകരണത്തിലുടനീളം നടന്നിട്ടുണ്ട്. വിനായകന്‍ ഓരോ രംഗത്തിന് മുമ്പും സഹ അഭിനേതാക്കളുമായി ചര്‍ച്ച നടത്തും. വളരെ ചെറിയ സംഭാഷണങ്ങളില്‍പ്പോലും ശ്രദ്ധാലുവാണ്. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ചെയ്തിട്ടുള്ളത്. മമ്മൂക്കയുടെ വേറൊരു രൂപം തന്നെയാണ് വിനായകനും,’ ജിതിന്‍ കെ.ജോസ് പറയുന്നു.

Content highlight: Jithin K. Jose talks about the film Kalankaval