ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ. ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ഓരോ അപ്ഡേറ്റും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിനായകനാണ് നായകന്‍.
ചിത്രത്തിന്റെ കളങ്കാവല്‍ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ കളങ്കാവല്‍ എന്ന പേരിന്റെ അര്‍ത്ഥം എന്താണെന്ന് പറയുകയാണ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്.
‘ദക്ഷിണതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ അനുഷ്ഠിക്കുന്ന ഒരാചാരമാണ് കളങ്കാവല്‍. ആ പേര് സ്വീകരിക്കുമ്പോള്‍ ആളുകള്‍ക്കത് പെട്ടെന്ന് മനസിലാകുമോ എന്ന് ചിന്തിച്ചിരുന്നു. ആ പ്രദേശത്തുതന്നെ അധികമാളുകള്‍ക്ക് പരിചയമുള്ള വാക്കല്ല ഇത്. എന്നാല്‍, ആ വാക്കിനും അതിന് പുറകിലുള്ള ഐതിഹ്യത്തിനും നേരിട്ടോ അല്ലാതെയോ സിനിമയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ് അതുതന്നെ തെരഞ്ഞെടുത്തത്,’ ജിതിന്‍ കെ. ജോസ് പറയുന്നു.
സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും അത് ആ പേരും ആചാരവും ആളുകളിലേക്ക് എത്താനും കൂടുതല്‍ ജനകീയമാകാനും സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളങ്കാവല്‍ എന്ന ചടങ്ങുമായി കഥയ്ക്ക് ബന്ധമുണ്ടോ എന്നത് സിനിമ സംസാരിക്കാന്‍ പോകുന്ന കാര്യമാണെന്നും ജിതില്‍ പറഞ്ഞു. സിനിമയുടെ പേര് ആയതുകൊണ്ടുതന്നെ അതിലെ കഥയുമായോ ഐതിഹ്യമായോ സാംസ്‌കാരിക പശ്ചാത്തലമായോ ചിലപ്പോള്‍ സിനിമയ്ക്ക് ബന്ധമുണ്ടായേക്കാമെന്നും ചിലപ്പോള്‍ ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
കുറുപ്പ് എന്ന സിനിമയുടെയും തിരക്കഥാകൃത്ത് ജിതിന്‍ ആയിരുന്നു. കുറുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കളങ്കാവല്‍ കുറച്ചുകൂടി സാങ്കല്പികമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറുപ്പിലും കളങ്കാവലിലും യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുക എന്ന പ്രക്രിയ യാദൃച്ഛികമായി സംഭവിച്ചതാണെന്നും ക്രൈം ത്രില്ലറുകളോട് തനിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Jithin K Jose Talks About Kalamkaaval Movie