ആദ്യ സിനിമയായത് കൊണ്ട് എല്ലാ മേഖലയിലും നിലവാരം പുലര്‍ത്തേണ്ടത് അനിവാര്യം: ജിതിന്‍ കെ.ജോസ്
Malayalam Cinema
ആദ്യ സിനിമയായത് കൊണ്ട് എല്ലാ മേഖലയിലും നിലവാരം പുലര്‍ത്തേണ്ടത് അനിവാര്യം: ജിതിന്‍ കെ.ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th November 2025, 4:13 pm

കളങ്കാവല്‍ തന്റെ ആദ്യ സിനിമയായത് കൊണ്ട് എല്ലാ മേഖലയിലും മികച്ച നിലവാരം പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് സംവിധായകന്‍ ജിതിന്‍ കെ.ജോസ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ ഡിസംബര്‍ 5നാണ് തിയേറ്ററുകളിലെത്തുന്നത്.

Kalamkaval Theatrical Release Poster

മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ വിനായകനാണ് നായകന്‍. നവംബര്‍ 27ന് റിലീസാകേണ്ടിയിരുന്ന സിനിമ കഴിഞ്ഞ ദിവമാണ് മാറ്റിയത്. ഇപ്പോള്‍ കളങ്കാവല്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍. സിനിമയുടെ തിരക്കഥ നോണ്‍ ലീനിയര്‍ രീതിയിലാണ് പോകുന്നതെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, തിരക്കഥ എഴുതിയേപ്പോള്‍ത്തന്നെ ശബ്ദ, ദൃശ്യ സാധ്യതകളുടെ ബ്ലൂ പ്രിന്റ് കൂടി തയ്യാറാക്കിയിരുന്നുവെന്നും എഡിറ്റിങ്, സംഗീതം, ശബ്ദം ഇതിന്റെയെല്ലാം വിശദമായ കാര്യങ്ങള്‍ ആദ്യം തന്നെ മനസിലുണ്ടായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

‘എല്ലാ മേഖലയിലും നല്ല ആളുകളെ കിട്ടി. കഥാപാത്രങ്ങളെയും കഥാഗതിയെയും താഴേക്ക് പോകാതെ ഒന്നുകൂടി ഉയര്‍ത്തുന്നതിന് സാങ്കേതിക മേഖലയില്‍നിന്ന് നല്ല പിന്തുണ കിട്ടി. ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയാണോ കാര്യങ്ങള്‍ വരുന്നതെന്ന് പരിശോധിക്കാന്‍ സ്‌പോട്ട് എഡിറ്റിങ് അടക്കം സഹായിച്ചു. നമ്മള്‍ ഉദ്ദേശിച്ചപോലെ സിനിമ ഒരുക്കാന്‍ പറ്റിയെന്നാണ് വിശ്വാസം.

കളത്തിന് കാവല്‍, അഥവ കളങ്കാവല്‍ എന്നത് ദേവീ ക്ഷേത്രത്തിലെ ആചാരമാണ്. സിനിമയില്‍ ആചാരം എന്നതിനപ്പുറം ആചാരത്തിലേക്ക് വഴിവയ്ക്കുന്ന കാരണത്തിനാണ് പ്രാധാന്യം. നന്മയും തിന്മയും തമ്മിലുള്ള ഭദ്രകാളിയും ദാരികനുമായി ബന്ധപ്പെട്ട ഐതിഹ്യമാണത്. അതാണ് സിനിമയിലും ഉപയോഗിച്ചിട്ടുള്ളത്. കളങ്കാവലിന്റെ വാച്യാര്‍ഥം മലയാളത്തിലും തമിഴിലും ഒന്നാണ്,’ ജിതിന്‍ കെ. ജോസ് പറഞ്ഞു.

Content highlight: Jithin K. Jose says that since Kalankaval is his first film, it is essential to maintain high standards in all areas