ഒരു പ്രത്യേക ക്രൈമിനെ ആസ്പദമാക്കിക്കൊണ്ടുള്ള സിനിമയല്ല കളങ്കാവല്‍, സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം സത്യമല്ല: ജിതിന്‍ കെ. ജോസ്
Malayalam Cinema
ഒരു പ്രത്യേക ക്രൈമിനെ ആസ്പദമാക്കിക്കൊണ്ടുള്ള സിനിമയല്ല കളങ്കാവല്‍, സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം സത്യമല്ല: ജിതിന്‍ കെ. ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th July 2025, 8:40 pm

അനൗണ്‍സ്‌മെന്റെ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. വ്യത്യസ്തമായ കഥകള്‍ തേടിപ്പിടിച്ച് ചെയ്യുന്ന മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്.

ക്രൈം ത്രില്ലര്‍ എന്നതിലുപരി ക്രൈം ഡ്രാമയായാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്ന് ജിതിന്‍ കെ. ജോസ് പറഞ്ഞു. സയനൈഡ് മോഹന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന തരത്തില്‍ പല വാര്‍ത്തകള്‍ കാണാറുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രത്യേക സംഭവത്തെ മാത്രം അടിസ്ഥാനമാക്കിയല്ല കളങ്കാവല്‍ ഒരുങ്ങുന്നത്. ഈയടുത്ത് നമ്മള്‍ വായിച്ചറിഞ്ഞ ഒരുപാട് സംഭവങ്ങള്‍ ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. അത് ഏതൊക്കെയാണ് എന്നൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. ഒരു പ്രത്യേക സംഭവത്തിന്റെ ഡോക്യുമെന്റേഷനല്ല, പ്രധാനമായും ഇത് ഒരു ഫിക്ഷണല്‍ സ്റ്റോറിയാണ്,’ ജിതിന്‍ കെ. ജോസ് പറഞ്ഞു.

ഷൂട്ട് പൂര്‍ത്തിയായി നാല് മാസത്തോളമായും റിലീസ് വൈകുന്നതെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായൊരു ചിത്രം മുന്നിലില്ലെന്നും എന്നാല്‍ അധികം വൈകാതെ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ജിതിന്‍ കെ. ജോസ് പറയുന്നു.

‘പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കുറച്ചുകൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ മാത്രമേ എപ്പോഴാണ് റിലീസെന്ന് അറിയിക്കാനാകൂ. അല്ലാതെ ഒരു പര്‍ട്ടിക്കുലര്‍ ഡേറ്റ് ഇപ്പോള്‍ തന്നെ പറഞ്ഞാല്‍ ശരിയാകില്ല. എന്തായാലും അധികം വൈകാതെ സിനിമ എല്ലാവരിലേക്കും എത്തിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുള്ളൂ,’ അദ്ദേഹം പറഞ്ഞു.

വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മെയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഇതിനിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരും ഭാഗമാകുന്നുണ്ട്.

Content Highlight: Jithin K Jose reacts to the rumors about the story of Kalamkaaval movie