ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. അനൗണ്‍സ്‌മെന്റ് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കളങ്കാവലിനെ കുറിച്ചും മമ്മൂട്ടിയെയും വിനായകനെയും സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് ജിതിന്‍ കെ. ജോസ്. ചില റഫറന്‍സ് കഥാപാത്രങ്ങള്‍ വച്ചാണ് തങ്ങള്‍ എഴുതി തുടങ്ങിയതെന്നും എഴുത്തിന്റെ ഒരു ഘട്ടത്തില്‍വച്ചാണ് മമ്മൂട്ടി ചെയ്താല്‍ നന്നാകുമെന്ന് തോന്നിയതെന്നും ജിതിന്‍ പറയുന്നു.
‘പക്ഷേ, ആദ്യം കഥ പറഞ്ഞത് പൃഥിരാജിനോടാണ്. അദ്ദേഹവും മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മമ്മൂക്കയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതോടെ ഇതൊരു മമ്മൂക്ക ചിത്രമായി മാറി. അപ്പോഴേക്കും പൃഥ്വിരാജ് സംവിധാനത്തിന്റെയും മറ്റു തിരക്കുകളിലേക്ക് പോയി. അതോടെയാണ് മറ്റൊരു നടനെ അന്വേഷിക്കുന്നത്. ആ ചര്‍ച്ചകള്‍ എത്തിയത് വിനായകന്‍ ചേട്ടനിലാണ്,’ ജിതിന്‍ പറയുന്നു.
മമ്മൂട്ടി തന്നെയാണ് മമ്മൂട്ടി കമ്പനിയിലേക്കുള്ള വഴി തുറന്നതെന്നും നേരിട്ട് കഥപറയുന്നതിന് മുമ്പ് അദ്ദേഹത്തിന് കളങ്കാവലിനെക്കുറിച്ച് ഒരു ചിത്രം ലഭിച്ചിരുന്നുവെന്നും ജിതിന്‍ പറഞ്ഞു. അത് കൊണ്ടുതന്നെ അദ്ദേഹത്തോട് കഥപറയാനും കണ്‍വിന്‍സ് ചെയ്യാനും താരതമ്യേന എളുപ്പമായിരുന്നുവെന്നും മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടതോടെ മമ്മൂട്ടി കമ്പനി ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനായകനാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഗംഭീര പ്രകടനം തന്നെയാകും കളങ്കാവലിന്റെ ഹൈലൈറ്റെന്നാണ് ആരാധകര്‍ കരുതുന്നത്. മീര ജാസ്മിന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നവംബര്‍ 27നാണ് സിനിമ റിലീസാകേണ്ടിയിരുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഉടനെ അറിയക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.
Content highlight: Jithin K. Jose also talks about choosing Mammootty and Vinayakan for the film