കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; കൃഷ്ണദാസിനെതിരെ നിലവില്‍ തെളിവില്ലെന്നും സുപ്രീം കോടതി
India
കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; കൃഷ്ണദാസിനെതിരെ നിലവില്‍ തെളിവില്ലെന്നും സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2017, 11:37 am

ന്യൂദല്‍ഹി: പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിന്റെയും ജിഷ്ണുവിന്റെ അമ്മയുടെയും ഹര്‍ജിയാണ് തള്ളിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്നതിന് നിലവില്‍ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് പ്രതികളുടെ മൊഴികള്‍ മാത്രമാണ് കൃഷ്ണദാസിനെതിരെയുള്ളത്. ഈ സാഹചര്യത്തില്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം.

സ്വാശ്രയ കോളേജുകളില്‍ ഇടിമുറികള്‍ തടയണമെന്നതടക്കം ജിഷ്ണുവിന്റെ അമ്മ ഉന്നയിച്ച ആവശ്യങ്ങളും കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.


Dont Miss ബാബു ആന്റണി വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ : ചാര്‍മിള 


കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ശക്തമായ തെളിവുകള്‍ ഹൈക്കോടതിക്ക് നല്‍കിയിട്ടും ജാമ്യം അനുവദിച്ചു എന്നതാണ് സര്‍ക്കാരിന്റെ പരാതി.

ഈ മാസം രണ്ടിനാണ് ജിഷ്ണുകേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നത് വരെ കോളെജില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തിലാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.