തിരുവനന്തപുരം: കെ.എസ്.യുവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഡോക്ടര്‍ ജിന്റോ ജോണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുക എന്നത് പഴയ രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. പറഞ്ഞതെല്ലാം മറക്കുന്ന ഇത്തരം ‘രാഷ്ട്രീയ അല്‍ഷിമേഴ്‌സ്’ ബാധിക്കുന്ന പട്ടേലര്‍മാര്‍ക്ക്, അവരെ ന്യായീകരിച്ച് കൂടെനില്‍ക്കുന്ന ‘തൊമ്മിമാര്‍’ ഉണ്ടെങ്കില്‍ സുഖമായി കാലം കഴിച്ചുകൂട്ടാമെന്നും അദ്ദേഹം കുറിക്കുന്നു.
‘വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികള്‍ മാത്രം. ചെരുപ്പിലെ പൊടിയും അഴുക്കും തട്ടികുടഞ്ഞ് കടന്നുപോകാനുള്ള താല്‍ക്കാലിക ഇടങ്ങള്‍ മാത്രം. രാജപാദുകങ്ങള്‍ക്ക് ചവിട്ടിക്കടന്നുപോകാന്‍ ശിരസ്സ് കാണിക്കുകയാണ് വിധേയ ദാസന്റെ ആദ്യ കടമയെന്നര്‍ത്ഥം. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോ. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അല്‍ഷിമേഴ്‌സ് ബാധിക്കുന്നവര്‍ക്ക് പാട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാര്‍ കൂടിയുണ്ടെങ്കില്‍ ന്യായീകരിച്ച് കാലം പൊക്കാം,’ ജിന്റോ ജോണ്‍ എഴുതി.
എത്ര പുസ്തകം വായിച്ചു എന്നതിലല്ല, മറിച്ച് എത്ര ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ പ്രാപ്തരായി എന്നതിലാണ് വിദ്യാഭ്യാസത്തിന്റെ മികവെന്ന് ജിന്റോ ജോണ്‍ ഓര്‍മ്മിപ്പിക്കുന്നു. അധികാരപ്രീതിക്കായി മുതിര്‍ന്നവര്‍ കണ്ണിറുക്കി അടയ്ക്കുമ്പോള്‍, ഫ്യൂഡല്‍ രീതികള്‍ തികട്ടിവരുന്ന ഭരണാധികാരികളോട് ഭയമില്ലാതെ സത്യം വിളിച്ചുപറയാന്‍ കുട്ടികള്‍ തന്നെ വേണം.
മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ വിവാദ രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ജിന്റോ ജോണ്‍ ഉന്നയിക്കുന്നത്. വീട്ടുകാര്‍ കോണ്‍ഗ്രസ് ആയതുകൊണ്ട് മാത്രം ഒരാള്‍ക്ക് രാഷ്ട്രീയ നിയമനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്ക് വേണ്ടി പോലീസിന്റെ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച സാധാരണ കെ.എസ്.യു പ്രവര്‍ത്തകര്‍ പുറത്തുനില്‍ക്കുമ്പോള്‍, വിദൂരമായ കോണ്‍ഗ്രസ് ബന്ധം തപ്പിയെടുത്ത് പിന്‍വാതിലിലൂടെ അധികാരം നേടിയെടുക്കുന്ന പ്രൊഫഷണലുകളുടെ പ്രവണതയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ സി.പി.ഐ, സി.പി.ഐ.എം, ബി.ജെ.പി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ പേരില്‍ പദവികള്‍ കൈപ്പറ്റുന്നതിലുള്ള വിയോജിപ്പും അദ്ദേഹം തുറന്നെഴുതി.
അനീതിയുടെ ഇരുണ്ട കാലം താണ്ടി നീതിക്ക് വേണ്ടി കാത്തിരിക്കുന്ന മനുഷ്യര്‍ക്ക് പടയാളികളുടെ ചോദ്യങ്ങള്‍ ആശ്വാസമാകണമെന്നും ജിന്റോ ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.