പാട്‌ന: മുഹ്‌മ്മദലി ജിന്നയും ഹിന്ദുത്വവാദി വി.ഡി സവര്‍ക്കറും 1947ല്‍ ഇന്ത്യയെ വിഭജിച്ചതുപോലെ ബി.ജെ.പി അയല്‍ക്കാരെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ്.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലെ രണ്ട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ ഒഴിഞ്ഞുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടാക്കാണിച്ചായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ വിമര്‍ശനം.
‘ജിന്നയും സവര്‍ക്കറും രാജ്യം വിഭജിച്ചു. ഇപ്പോഴിതാ ബി.ജെ.പി ഓരോ നഗരങ്ങളും അയല്‍പ്പക്കങ്ങളും വിഭജിക്കുകയാണ്,’ ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബര്‍ 31ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഏകതാ ദിനാഘോഷത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതേദിവസം ഒരു രക്തസാക്ഷിത്വദിനം കൂടിയാണ്.
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിച്ചുകൊണ്ട് ദിഗ്‌വിജയ് സിങ് പറഞ്ഞു. 1984 ഒക്ടോബര്‍ 31നാണ് ഇന്ദിര ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്.