ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പിന്തുണയറിയിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന വിസ്മയയുടെ ചോദ്യം സംഘപരിവാറിനെ നല്ല രീതിയില്‍ ചൊടിപ്പിച്ചു. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് വിസ്മയക്ക് നേരെ അഴിച്ചുവിട്ടത്.
നടനും സംവിധായകനുമായ മേജര്‍ രവി കഴിഞ്ഞദിവസം വിസ്മയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിസ്മയ സി.ജെ.പിയെ പിന്തുണച്ചില്ലെന്നായിരുന്നു മേജറിന്റെ ന്യായീകരണം. വിയറ്റ്‌നാമില്‍ പഠിച്ച വിസ്മയക്ക് വേണ്ടത്ര രാഷ്ട്രീയബോധമില്ലെന്നും മേജര്‍ രവി വിമര്‍ശിച്ചു. ഇതിന് പിന്നാലെ മേജറിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുയരുകയാണ്.
വിസ്മയയുടെ രാഷ്ട്രീയ ബോധമളക്കാന്‍ താങ്കള്‍ ആരാണെന്ന് പലരും മേജര്‍ രവിയോട് ചോദിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് എന്ന ചിത്രത്തില്‍ വിസ്മയയുടെ ഇടപെടലിനെക്കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞതും ചിലര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ വിസ്മയക്കും പ്രണവിനും വായിക്കാന്‍ കൊടുത്തിരുന്നെന്ന് ബാറോസിന്റെ പൂജാ ചടങ്ങില്‍ ജിജോ പുന്നൂസ് പറഞ്ഞിരുന്നു.
‘ഈ സിനിമയില്‍ ആഫ്രിക്കക്കാരെ മോശമായിട്ട് എഴുതിയ ചില ഭാഗങ്ങളുണ്ടായിരുന്നു അത് വായിച്ചിട്ട് ‘അങ്കിള്‍, ആഫ്രിക്കക്കാരെക്കുറിച്ചുള്ള ആ പരാമര്‍ശം നമുക്ക് ഒഴിവാക്കിക്കൂടെ? അവര്‍ ഒരുപാട് അനുഭവിച്ച ജനവിഭാഗമല്ലേ’ എന്ന് മായ ചോദിച്ചപ്പോഴാണ് അതിലെ ശരികേട് എനിക്ക് മനസിലായത്’ എന്നായിരുന്നു ജിജോ അന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജിജോയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
മേജര്‍ രവിയെക്കാളും രാഷ്ട്രീയബോധം വിസ്മയക്കുണ്ടെന്ന് ജിജോയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. എമ്പുരാന് രണ്ട് അഭിപ്രായം പറഞ്ഞ മേജര്‍ രവിയെക്കാള്‍ കൃത്യമായ നിലപാടും രാഷ്ട്രീയവുമാണ് വിസ്മയയുടേതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എമ്പുരാന്റെ സമയത്ത് മോഹന്‍ലാലിനും ഇപ്പോള്‍ വിസ്മയക്കും വേണ്ടത്ര ബോധമില്ലെന്ന് പറയുന്ന മേജറിനാണ് ഒട്ടും ബോധമില്ലാത്തതെന്നും ട്രോളുകളുണ്ട്.