50 ലക്ഷം മിസ്‌കോള്‍ തമിഴ്‌നാട്ടില്‍ നിന്നു ലഭിച്ച പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 1417 വോട്ടുകള്‍; ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ട്രോളി ജിഗ്നേഷ് മേവാനി
RK Nagar Bypoll
50 ലക്ഷം മിസ്‌കോള്‍ തമിഴ്‌നാട്ടില്‍ നിന്നു ലഭിച്ച പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 1417 വോട്ടുകള്‍; ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ട്രോളി ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2017, 5:28 pm

അഹമ്മദാബാദ്: തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയ പ്രകടനത്തെ പരിഹസിച്ച് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ലോകത്തിലെ ഏറ്റവും വലിയ മിസ്‌കോള്‍ പാര്‍ട്ടി തമിഴ്‌നാട്ടില്‍ നോട്ടയ്ക്കും പിറകിലാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു ജിഗ്നേഷ് ബി.ജെ.പിയെ പരിഹസിച്ച് രംഗത്തെത്തിയത്. “ലോകത്തിലെ ഏറ്റവും വലിയ മിസ്‌കോള്‍ പാര്‍ട്ടിയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നു ലഭിച്ചത് 50 ലക്ഷത്തിലധികം മിസ്‌കോളുകളായിരുന്നു. പക്ഷേ അവര്‍ക്ക് ലഭിച്ചിരിക്കുന്നത് വെറും 1417 വോട്ടുകളും 2373 വോട്ടുകള്‍ നേടിയ നോട്ടയ്ക്കും എത്രയോ പിറകില്‍” ജിഗ്നേഷ് ട്വീറ്റ് ചെയ്തു.

ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്‍ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേന്ദ്ര ഭരണമുള്ള ബി.ജെ.പി നോട്ടയ്ക്കും പിറകിലായി വന്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

47115 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെയുടെ വി.മധുസൂദനനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ദിനകരന്റെ വിജയം. 24075 വോട്ട് നേടിയ ഡി.എം.കെ മൂന്നാമതായിരുന്നു.