തരൂര്‍ വിശ്വപൗരന്‍; അദ്ദേഹം നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം: ജിഫ്രി തങ്ങള്‍
Kerala News
തരൂര്‍ വിശ്വപൗരന്‍; അദ്ദേഹം നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം: ജിഫ്രി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 12:16 pm

കോഴിക്കോട്: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ് ശശി തരൂര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. രാവിലെ തരൂരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഒരു മതേതര, ജനാധിപത്യ നിലപാട് പുലര്‍ത്തുന്ന സംഘടനയാണ്. അതുകൊണ്ട് തരൂരിന് സമസ്ത എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന് പ്രത്യേക പിന്തുണയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസിലെ എല്ലാവരും നല്ല നേതാക്കന്മാരായിരുന്നു എന്നാണ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചത്.

‘ശശി തരൂര്‍ വിശ്വപൗരനാണ്. അദ്ദേഹം നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വമുണ്ടാകണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്,’ ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തില്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി വിമര്‍ശനം ഉന്നയിച്ചത് സംബന്ധിച്ച ചോദ്യത്തിന് തരൂര്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖാപിച്ചിട്ടില്ലെന്നാണ് തരൂര്‍ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം അടക്കം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും തരൂര്‍ പറഞ്ഞു.

‘2026ലാണ് തെരഞ്ഞെടുപ്പ്. നമുക്ക് നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന് വലിയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് അതിന് മുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കാനാകില്ല.

നിങ്ങള്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറല്ലേ എന്ന് ചോദിച്ചപ്പോള്‍ ഏത് ഉത്തരവാദിത്തവും പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ അത് ഏറ്റെടുക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് അതിനെ വലിയ സംഭവമായി അവതരിപ്പിക്കേണ്ട,’ ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.