അന്ന് പരീക്ഷ മുടക്കി ചെയ്ത സിനിമ; ലാലേട്ടന്റെ കൂടെയുള്ള സീന്‍ വരുമ്പോള്‍ ഇപ്പോഴും മൊബൈലില്‍ ഫോട്ടോ എടുത്ത് വെക്കും: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
അന്ന് പരീക്ഷ മുടക്കി ചെയ്ത സിനിമ; ലാലേട്ടന്റെ കൂടെയുള്ള സീന്‍ വരുമ്പോള്‍ ഇപ്പോഴും മൊബൈലില്‍ ഫോട്ടോ എടുത്ത് വെക്കും: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 12:50 pm

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ജിബിന്‍ ഗോപിനാഥ്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഡീയസ് ഈറെയില്‍ ജിബിനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

സിനിമയില്‍ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കളങ്കാവലിലും അദ്ദേഹം ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ തന്റെ സിനിമാ മോഹത്തെ കുറിച്ചും മോഹന്‍ലാലിന്റെ കൂടെ ആദ്യമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച താണ്ഡവം സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ജിബിന്‍.

‘ലാലേട്ടനൊക്കെ പഠിച്ച അതേ എം.ജി. കോളേജിലായിരുന്നു ഡിഗ്രി പഠിച്ചത്. തിരുവനന്തപുരത്ത് ഷൂട്ടിങ് വന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് പോകുന്ന സ്ഥലങ്ങളിലൊന്നാണ് കോളേജ്.

നമ്മളും കൂടെയങ്ങ് പോകും. പൊതുപരീക്ഷ മുടക്കി പോയി ചെയ്ത സിനിമയാണ് ‘താണ്ഡവം’. ചേട്ടന്‍ മരിച്ചപ്പോള്‍ ലാലേട്ടന്‍ വരുന്ന ഒരു സീനുണ്ട് അതില്‍. ജനക്കൂട്ടത്തിനിടയില്‍ക്കൂടി ലാലേട്ടന് വരാനായി ഉണ്ടാക്കിയ വഴിയില്‍ എന്നെ നിര്‍ത്തി,’ ജിബിന്‍ പറയുന്നു.

താന്‍ നില്‍ക്കുന്ന സ്ഥലത്തെത്തുമ്പോള്‍ മോഹന്‍ലാല്‍ രണ്ട് സെക്കന്‍ഡ് നില്‍ക്കുന്നുണ്ടെന്നും അവിടെയാണെങ്കില്‍ സ്ലോമോഷനും, സ്‌ക്രീനില്‍ ഗംഭീര അനുഭവമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയും നന്നായി തന്നെ ആദ്യമായി കാണിച്ചത് താണ്ഡവം സിനിമയിലായിരുന്നുവെന്നും ഇപ്പോഴും ടി.വി.യില്‍ ആ സീന്‍ വരുമ്പോള്‍ താന്‍ മൊബൈലില്‍ ഫോട്ടോ എടുത്തുവയ്ക്കുമെന്നും ജിബിന്‍ പറഞ്ഞു.

Content highlight:  Jibin gopinath  talks about the movie Thandavam, in which  acted as a junior artist for the first time with Mohanlal