മമ്മൂട്ടി സാര്‍ പറഞ്ഞു, ഇപ്പോള്‍ ലാല്‍ സാറും, ആ വാക്കുകള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
മമ്മൂട്ടി സാര്‍ പറഞ്ഞു, ഇപ്പോള്‍ ലാല്‍ സാറും, ആ വാക്കുകള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല: ജിബിന്‍ ഗോപിനാഥ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 5th June 2026, 4:40 pm

സമീപകാലത്ത് മലയാള സിനിമയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് ജിബിന്‍ ഗോപിനാഥിന്റെത്. പ്രണവ് മോഹന്‍ലാല്‍ നായകനായി തിയേറ്ററുകളിലെത്തിയ ഡീയസ് ഈറെയിലൂടെയും മമ്മൂട്ടി നായകനായ കളങ്കാവലിലൂടെയും മറ്റ് ഒട്ടനവധി ചിത്രങ്ങളിലൂടെയും ജിബിന്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം പൂര്‍ണതയില്‍ എത്തിച്ചുകൊണ്ടായിരുന്നു താരം തന്റെ കഴിവ് തെളിയിച്ചത്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയിത്തില്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് താരം പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് താരവുമായുണ്ടായ അനുഭവത്തെ കുറിച്ച് ജിബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജിബിന്‍ ഗോപിനാഥ്. Photo: X.com

‘സെറ്റില്‍ എനിക്ക് ഏറ്റവും സന്തോഷമുണ്ടായ സംഭവങ്ങളിലൊന്നായിരുന്നു ലാലേട്ടന്‍ ഡീയസ് ഈറയെ കുറിച്ച് പറഞ്ഞ വാക്കുകള്‍. ലാല്‍ സാര്‍ ഈയടുത്താണ് ഡീയസ് ഈറെ കണ്ടത്. ഒരു ദിവസം സാര്‍ ലൊക്കേഷനിലുണ്ടായിരുന്ന അതേ സമയത്ത് ഞാനവിടെ ചെന്നിരുന്നു. അവിടെ ജൂഡ് സാറും മായയും ലാല്‍ സാറിനോട് ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു. മൂന്ന് പേരും ഓരോ കാര്യം പറഞ്ഞിരിക്കുമ്പോള്‍ ഞാന്‍ അപ്പുറത്തേക്ക് മാറിയിരിക്കുകയായിരുന്നു.

അത് കണ്ടിട്ട് മോനേ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് എന്നെ അടുത്തേക്ക് വിളിച്ചു. ഞാന്‍ സിനിമ കണ്ടിരുന്നു കേട്ടോ, നന്നായിട്ടുണ്ട്, നന്നായിട്ട് ചെയ്തു, നല്ല പരിപാടികള്‍ ഇനിയും വരട്ടെ എന്ന് ഭയങ്കര നല്ല കമന്റ് പറഞ്ഞു. അപ്പോള്‍ ഞാനാലോചിച്ചത് മമ്മൂട്ടി സാറും അന്ന് അഭിനയത്തെ കുറിച്ച് സ്‌റ്റേജില്‍ വെച്ച് പറഞ്ഞു, ഇപ്പോള്‍ ലാല്‍ സാര്‍ ചിത്രം കണ്ടപ്പോള്‍ അദ്ദേഹവും നല്ല അഭിപ്രായം പറഞ്ഞു. ഇവര്‍ മലയാളത്തിന്റെ ലെജന്‍ഡ്‌സാണ്. ഒരു വാക്കില്‍ നിര്‍ത്താന്‍ പറ്റുന്നവരല്ല രണ്ട് പേരും.

തുടക്കം. Photo: IMDB

രണ്ട് പേരും ആ സിനിമ കണ്ടിട്ട് നമ്മുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയുമ്പോള്‍ കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സ് ചെറുതല്ല. അത് നമ്മള്‍ കീപ്പ് ചെയ്യണമല്ലോ. ഇതേ റൂട്ടില്‍ ഇതേ പോലെ ഇനിയും നല്ല നല്ല ചിത്രങ്ങളുടെ ഭാഗമായി നമ്മള്‍ നില്‍ക്കണം,’ജിബിന്‍ പറഞ്ഞു.

Content Highlight: Jibin Gopinath talks about Mohanlal and Mammootty and their appreciation for his acting in dies ere

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.