ദുല്‍ഖര്‍ സല്‍മാന്റെയും സാമന്തയുടെയും കൂടെ ഒന്നിച്ച് അഭിനയിച്ച പരസ്യത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജിബിന്‍ ഗോപിനാഥ്. ഓഡിഷന്‍ വഴിയാണ് ഫോണ്‍ പെയുടെ പരസ്യത്തില്‍ അഭിനയിച്ചതെന്നും സാമന്തയും ദുല്‍ഖറുമാണ് അഭിനയിക്കുന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘മൂന്ന് ദിവസമുണ്ടായിരുന്നു ഷൂട്ടിങ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയാണ് സാമന്ത. ക്രഷ് എന്നൊക്കെ പറയില്ലേ. മുമ്പൊരു പരസ്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ ഞാന്‍ മിന്നി മാഞ്ഞ് പോവുന്നതേയുള്ളൂ. സാമന്തയുണ്ട് എന്ന ഒറ്റക്കാരണത്തിലാണ് അതിലേക്ക് ചെന്നത്. പക്ഷേ, ആളെ കാണാന്‍ പോലും പറ്റിയില്ല. കൃത്യം രണ്ടുമാസം കഴിഞ്ഞപ്പോള്‍ രണ്ട് ദിവസം ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണ്,’ ജിബിന്‍ പറഞ്ഞു.
വളരെ പെട്ടെന്ന് കൂട്ടാവുന്ന ആളാണ് സാമന്തയെന്നും സെറ്റില്‍ എല്ലാവരും ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും ജിബിന്‍ പറഞ്ഞു. കേട്ടാല്‍ അത്യാവശ്യം ഹിന്ദി മനസിലാവുമെന്നും പിറ്റേന്ന് ദുല്‍ഖര്‍ വന്നപ്പോഴാണ് സമാധാനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാനത് പുള്ളിയോട് പറയുകയും ചെയ്തു. ‘സല്യൂട്ടി’ന്റെ സെറ്റില്‍ വെച്ചുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. ഞങ്ങള്‍ മലയാളം പറയുന്നത് കേള്‍ക്കുമ്പോള്‍ സാമന്ത അടുത്ത് വരും. എന്നിട്ട് പിന്നെ തമിഴിലാകും ഞങ്ങളുടെ സംസാരം. ഒരുപാട് പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വൈറലാവുക എന്നു പറയുന്നത് ഒരു ഭാഗ്യമാണ്,’ ജിബിന്‍ പറഞ്ഞു.
ഡീയസ് ഈറെയാണ് ജിബിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ ചിത്രത്തില്‍ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രമായാണ് ജിബിന്‍ എത്തിയത്.
Content Highlight: Jibin Gopinath shares memories of the Advertisement he starred in with Dulquer Salmaan and Samantha