ഇഷാന്‍ കിഷന്റെ താണ്ഡവത്തില്‍ പിറന്നത് ജാര്‍ഖണ്ഡിന്റെ ചരിത്രം
Sports News
ഇഷാന്‍ കിഷന്റെ താണ്ഡവത്തില്‍ പിറന്നത് ജാര്‍ഖണ്ഡിന്റെ ചരിത്രം
ശ്രീരാഗ് പാറക്കല്‍
Thursday, 18th December 2025, 10:16 pm

2025 സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഹരിയാനയെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡ് കിരീടം ചൂടി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹരിയാനയെ 69 റണ്‍സിന് പരാജയപ്പെടുത്തിയാണ് ജാര്‍ഖണ്ഡ് കിരീടമുയര്‍ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹരിയാന 193 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാര്‍ഖണ്ഡ് തങ്ങളുടെ കന്നിക്കിരീടം തൂക്കിയത്. ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനം നടത്തിയാണ് കിഷന്‍ ടീമിന് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്തത്. ഇതോടെ ജാര്‍ഖണ്ഡിനായി ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുക്കുന്ന ക്യാപ്റ്റനാകാനും കിഷന് സാധിച്ചു.

അതേസമയം മത്സരത്തില്‍ 49 പന്തില്‍ 10 സിക്സും ആറ് ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 206.12 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു കിഷന്‍ എതിരാളികളെ തല്ലിത്തകര്‍ത്തത്. നേരിട്ട 45ാം പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്.

കിഷന് പുറമെ 81 റണ്‍സ് നേടി കുമാര്‍ കുശാഗ്രയും 41* റണ്‍സ് നേടിയ അനുകുല്‍ റോയിയും മിന്നും പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്.

അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് യഷ്വര്‍ധന്‍ ദലാലാണ്. 53 റണ്‍സ് നേടിയാണ് താരം ടീമിനെ മുന്നോട്ട് നയിച്ചത്. സമന്ത് ദേവേന്ദ്ര 38 റണ്‍സും നിഷാന്ത് സിന്ധു 31 റണ്‍സും നേടിയാണ് താരങ്ങള്‍ മടങ്ങിയത്.

Content Highlight: Jharkhand wins 2025 Syed Mushtaq Ali Trophy by defeating Haryana in final

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ