ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ജാര്‍ഖണ്ഡില്‍ 18 കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു
India
ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ജാര്‍ഖണ്ഡില്‍ 18 കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 11:58 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ കന്‍വാരി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിയോഘര്‍ ജില്ലയിലെ ജമുനിയ ഗ്രാമത്തിന് സമീപത്തായാണ് അപകടമുണ്ടായത്.

ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പാചക വാതകം നിറച്ച സിലിണ്ടറുകള്‍ കൊണ്ടുപോകയായിരുന്ന ട്രക്ക് 35 കന്‍വാരികള്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു.

മോഹന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജമുനിയ വനത്തിന് സമീപം പുലര്‍ച്ചെ 4:30 ഓടെയാണ് അപകടം നടന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്കും മാറ്റിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശൈലേന്ദ്ര കുമാര്‍ സിന്‍ഹയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ മണ്ഡലത്തിലെ ദിയോഘറില്‍, പുണ്യമാസമായ ശ്രാവണത്തില്‍ കന്‍വാര്‍ യാത്രയ്ക്കിടെ ബസും ട്രക്കും ഉള്‍പ്പെട്ട ദാരുണമായ അപകടത്തില്‍ 18 ഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,’ ഗോഡ്ഡ എം.പി നിഷികാന്ത് ദുബെ പറഞ്ഞു.

ജൂലൈ 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് പരമ്പരാഗത കന്‍വാര്‍ യാത്രയും നടക്കുക. ജൂലൈ 21ന് ഗുരു പൂര്‍ണിമ ആഘോഷവും ഉണ്ട്.

കന്‍വാര്‍ യാത്രയുടെ ഭാഗമായി ഋഷികേശ്, ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി, ബീഹാറിലെ അജ്‌ഗൈവിനാഥ്, സുല്‍ത്താന്‍ഗഞ്ച് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ഗംഗാ ജലവുമായെത്തും.

Content Highlight: 18 Kanwar pilgrims killed in bus-truck collision in Jharkhand