റാഞ്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. ഓഗസ്റ്റ് ആറിന് ചൈബാസയിലെ എം.പി-എം.എല്‍.എ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്.
നേരത്തെ ജൂണ്‍ 26ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ജൂണ്‍ രണ്ടിന് പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരിട്ട് ഹാജരാകാന്‍ മറ്റൊരു തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചൈബാസ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്, കേസില്‍ അടുത്ത വാദം കേള്‍ക്കും വരെ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രതാപ് കുമാര്‍ എന്നയാള്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2018ല്‍ ചൈബാസയില്‍ നടന്ന ഒരു റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് പ്രതാപ് കുമാര്‍ പരാതിപ്പെട്ടത്. ഒരു കൊലപാതകിയ്ക്ക് ബി.ജെ.പിയുടെ അധ്യക്ഷനാകാന്‍ കഴിയുമെന്നും കോണ്‍ഗ്രസില്‍ അത് സാധ്യമല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
നേരത്തെ അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു. 2024 ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെയാണ് രാഹുല്‍ ഹാജരായത്.
വാദത്തിനൊടുവില്‍ കോടതി അദ്ദേഹത്തിന് ജാമ്യവും നല്‍കിയിരുന്നു. അമേഠിയിലെ ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി കോടതിയിലെത്തിയത്.
2018 ഓഗസ്റ്റ് നാലിന്, രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാതി. ഒരു കൊലപാതക കേസില്‍ പ്രതിയായ ഒരു വ്യക്തി പാര്‍ട്ടി അധ്യക്ഷനായി ഉള്ളപ്പോള്‍, സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി ബി.ജെ.പി അവകാശപ്പെടുന്നതില്‍ എന്ത് പ്രാധാന്യം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
2005ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍, 2014ല്‍ അമിത് ഷായെ മുംബൈയിലെ പ്രത്യേക സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കോടതി വെറുതെവിട്ടിരുന്നു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു.
Content Highlight: Jharkhand HC orders Rahul Gandhi to appear in defamation case