ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെ അമിത് ഷാക്കെതിര നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം.
2018 ലെ കേസിലാണ് ജാര്‍ഖണ്ഡിലെ ചൈബാസ ജില്ലാ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കേസില്‍ രാഹുല്‍ പ്രത്യേക ജഡ്ജി സുപ്രിയ റാണി ടിഗ്ഗയ്ക്ക് മുന്‍പാകെ ഇന്ന് ഹാജരായിരുന്നു.
ഫെബ്രുവരി 27 ന് കോടതി രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന്, മാര്‍ച്ച് 14 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
2018 ലെ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ചൈബാസ നിവാസിയായ പ്രതാപ് കുമാര്‍ എന്നയാളാണ് കേസ് നല്‍കിയത്.
അമിത് ഷാ
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു കൊലപാതകിക്കും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാന്‍ കഴിയില്ലെന്നും അത് ബി.ജെ.പിയില്‍ മാത്രമേ സംഭവിക്കുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി പരാതിയില്‍ ആരോപിച്ചിരുന്നു.
ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും മഹാഭാരതത്തിലെ ‘കൗരവന്മാരുമായി’ താരതമ്യം ചെയ്തായിരുന്നു 2018 ലെ കോണ്‍ഗ്രസ് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ രാഹുല്‍ സംസാരിച്ചത്.
അധികാരം പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ ധര്‍മ്മമെന്നും ബി.ജെ.പി ഒരു സംഘടനയുടെ ശബ്ദമാണെങ്കില്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നെന്നും ജുഡീഷ്യറി, പാര്‍ലമെന്റ്, പൊലീസ് എന്നിവയെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
അന്നും കോണ്‍ഗ്രസിന് പറ്റിയ ചില തെറ്റുകള്‍ ഉയര്‍ത്തിക്കാണിച്ചു തന്നെയായിരുന്നു രാഹുല്‍ സംസാരിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ ജനങ്ങളെ നിരാശരാക്കി എന്നും കോണ്‍ഗ്രസ് മാറണമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Jharkhand Court Grants Bail To Rahul Gandhi In 2018 Defamation Case Involving Amit Shah