മമ്മൂട്ടിയുടെ നായിക എന്നുപറഞ്ഞപ്പോൾ പ്രാങ്കെന്നാണ് വിചാരിച്ചത്: ജുവൽ മേരി
Malayalam Cinema
മമ്മൂട്ടിയുടെ നായിക എന്നുപറഞ്ഞപ്പോൾ പ്രാങ്കെന്നാണ് വിചാരിച്ചത്: ജുവൽ മേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 9:44 am

ടെലിവിഷൻ അവതാരികയും സിനിമ അഭിനേത്രിയുമാണ് ജുവൽ മേരി. മമ്മൂട്ടിയുടെ കൂടെ പത്തേമാരി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ജുവൽ സിനിമയിലേക്ക് വന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജുവൽ മേരി.

‘മമ്മൂക്കയുടെ നായിക ആയത് എങ്ങനെയെന്ന് എനിക്ക് തന്നെ അറിയില്ല. അതൊരു വലിയ തമാശയാണ്. അന്ന് ഡി ഫോര്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്.

അപ്പോഴാണ് സലീമിക്ക ഫോണ്‍ ചെയ്തത്. സലീം അഹമ്മദ് എന്നെ ഫോണ്‍ വിളിച്ചിട്ട് ‘മമ്മൂട്ടിയുടെ ഹീറോയിന്‍ ആയിട്ട് ഒരു റോള്‍ ഉണ്ട് നിങ്ങള്‍ വരണം’ എന്ന് പറഞ്ഞു,’ ജുവൽ മേരി പറഞ്ഞു.

അപ്പോള്‍ താന്‍ വിചാരിച്ചത് തന്നെ പ്രാങ്ക് ചെയ്യാന്‍ വേണ്ടി ആരോ ചെയ്യുന്നതാണെന്നും കാരണം അവിടെ മൊത്തം പ്രാങ്ക് നടക്കുന്ന ഒരു ഫ്‌ളോര്‍ ആയിരുന്നു അതെന്നും നടി പറയുന്നു.

എന്നാല്‍ എന്നോട് സലീം അഹമ്മദ് സീരിയസ് ആയിട്ടാണ് സംസാരിച്ചതെന്നും താന്‍ അദ്ദേഹത്തോട് ആദാമിന്റെ മകന്‍ അബു സിനിമ ചെയ്തത് താങ്കളാണോ എന്ന് ചോദിച്ചുവെന്നും അവർ പറയുന്നു.

അപ്പോള്‍ തന്റെ കയ്യും കാലും വിറച്ചുവെന്നും പിന്നീട് പേടിച്ചിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു.

‘പിന്നെ ഞാന്‍ ചോദിച്ചത് എന്ത് ചെയ്യണം, എവിടെ വരണം എന്നായിരുന്നു. പിന്നെ പട്ടണം റഷീദിക്കയുടെ മേക്കപ് സ്റ്റുഡിയോയില്‍ പോയി പ്രായമായ ഗൈറ്റപ് ചെയ്ത് നോക്കിപ്പിച്ചു. അപ്പോഴൊന്നും പറഞ്ഞില്ല. നാല് ദിവസം എന്നെ വെയിറ്റ് ചെയ്യിപ്പിച്ചു. മമ്മൂക്ക കാണണമെന്നൊക്കെയാണ് പറഞ്ഞത്.

നാലാമത്തെ ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘വെല്‍ക്കം വേള്‍ഡ് ഓഫ് സിനിമ’ എന്ന്. അതൊരു മാജിക്കല്‍ മൊമെന്റ് ആയിരുന്നു,’ ജുവല്‍ മേരി പറഞ്ഞു.

ആദ്യത്തെ സിനിമയില്‍ തന്നെ കിളവിയായി എന്നുപറഞ്ഞ് മമ്മൂട്ടി അന്ന് തന്നെ കളിയാക്കുമായിരുന്നുവെന്നും ഇനി റോളുകളൊന്നും കിട്ടില്ലെന്ന് പറയുമായിരുന്നെന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു. ധന്യ വർമയോട് സംസാരിക്കുകയായിരുന്നു നടി.

Content Highlight: Jewel Mary talking about  Mammootty