ഇന്ത്യയിലെ ഏത് നടനും ചെയ്യാന്‍ കഴിയുന്ന സിനിമയാണ് എന്റെ ആഗ്രഹം: ജിയോ ബേബി
Entertainment news
ഇന്ത്യയിലെ ഏത് നടനും ചെയ്യാന്‍ കഴിയുന്ന സിനിമയാണ് എന്റെ ആഗ്രഹം: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th November 2023, 7:52 pm

ജിയോ ബേബി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് ‘കാതല്‍ ദി കോര്‍’. ‘റോഷാക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ഇത്.

ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഓമനയെന്ന കഥാപാത്രമായി ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.

ഇപ്പോള്‍ തനിക്ക് ആഗ്രഹമുള്ള സിനിമകളെ പറ്റി സംസാരിക്കുകയാണ് ജിയോ ബേബി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ണൂര്‍ സ്‌ക്വാഡ് സിനിമ കണ്ടിട്ട് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായി. അത്തരം സിനിമ, അത്തരമെന്ന് പറയുമ്പോള്‍ അതേപോലെയുള്ള സിനിമ ചെയ്യണം എന്നല്ല.

ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എപ്പോഴും സംസാരിക്കുന്ന കാര്യവും അതാണ്.

ഒരു സ്‌ക്രീന്‍പ്ലേയുണ്ടാക്കണം, ഭയങ്കര കോമഡി ആയിട്ടുള്ള സിനിമ ഉണ്ടാക്കണം. ഇന്ത്യയില്‍ ഏത് നടനോട് പോയി പറഞ്ഞാലും ചെയ്യാന്‍ പറ്റുന്ന സിനിമ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്.

മോഹന്‍ലാല്‍ റിജക്റ്റ് ചെയ്താല്‍ മമ്മൂട്ടി. മമ്മൂട്ടി റിജക്റ്റ് ചെയ്താല്‍ കമല്‍ ഹാസന്‍. അദ്ദേഹവും റിജക്റ്റ് ചെയ്താല്‍ രജനികാന്ത്.

അങ്ങനെയുള്ള സിനിമകളാണ് ചെയ്യാന്‍ പോകുന്നതെന്നല്ല. അത്തരം സിനിമകളെ പറ്റിയാണ് സംസാരിക്കുന്നത്. അത്തരം സിനിമയുണ്ടാക്കണം. ഇന്ത്യയില്‍ ആര്‍ക്കും മനസിലാകുന്ന സിനിമയാകണം.

കണ്ടാല്‍ ചിരിക്കാന്‍ പറ്റണം, അതേസമയം ത്രില്‍ ഉണ്ടാകണം. പരസ്പരം സംസാരിക്കുന്നത് ഇങ്ങനെയാണ്, എന്നാല്‍ എഴുതിയുണ്ടാക്കാന്‍ പ്രയാസമാണ്. പണിയുള്ള കാര്യമാണ്, സിമ്പിളല്ല.

സിനിമ എന്നുള്ള രീതിയില്‍ സിനിമയെ ഞാന്‍ അങ്ങനെ തന്നെയാണ് കാണുന്നത്. അല്ലാതെ എല്ലാ സിനിമകളേയും പോയി പൊളിറ്റിക്കലായി സമീപിക്കാറില്ല. എല്ലാ സിനിമയിലും പൊളിറ്റിക്‌സുണ്ട്.

അല്ലാതെ നമ്മളായിട്ട് പോയിട്ട് പൊളിറ്റിക്കലാവണ്ട എന്നാണ് എന്റെ തീരുമാനം. പക്ഷെ അത് പലപ്പോഴും പറ്റുന്നില്ല. നമ്മള്‍ സിനിമ എടുക്കുമ്പോള്‍ മറ്റൊരു രീതിയില്‍ ആയിപോകുകയാണ്,’ ജിയോ ബേബി പറയുന്നു.


Content Highlight: Jeo Baby Talks About His Movies