പുരുഷന്മാരുടെ മെന്റല്‍ ഹെല്‍ത്തിനെ പറ്റി സംസാരിക്കുന്ന സിനിമകള്‍ ഇനി ഉണ്ടാകും: ജിയോ ബേബി
Malayalam Cinema
പുരുഷന്മാരുടെ മെന്റല്‍ ഹെല്‍ത്തിനെ പറ്റി സംസാരിക്കുന്ന സിനിമകള്‍ ഇനി ഉണ്ടാകും: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 4:14 pm

2023ല്‍ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായിരുന്നു കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സ്വവര്‍ഗാനുരാഗം പ്രമേയമായി വന്ന ഈ ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍സ്റ്റാര്‍ ഇത്തരമൊരു ധീരമായ പരീക്ഷണം ചെയ്തതിനെ ഇന്ത്യന്‍ സിനിമയിലെ പലരും അഭിനന്ദിച്ചിരുന്നു. മമ്മൂട്ടി കമ്പനി തന്നെയാണ് കാതല്‍ സിനിമ നിര്‍മിച്ചത്.

ഇപ്പോള്‍ പുരുഷന്മാരുടെ മെന്റല്‍ഹെല്‍ത്തിനെ പറ്റി സംസാരിക്കണമെന്ന് ജിയോ ബേബി.

കാതല്‍ മാത്രമാണ് ഞാന്‍ അത്തരത്തില്‍ ചെയ്‌തൊരു സിനിമ. പുരുഷന്‍മാരുടെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചൊക്കെ സംസാരിക്കുന്ന സിനിമകള്‍ ഇനി വരും. അങ്ങനെയുള്ള സിനിമകളൊക്കെ ഇനി ഉണ്ടാകും. എല്ലാ സിനമകളും അങ്ങനെയായിരിക്കണമെന്നല്ല. എന്നിരുന്നാലും അത്തരം സിനിമകള്‍ ഇനിയുണ്ടാകും.

പുരുഷന്മാരെ ഇത്രയും കാലം സിനിമയില്‍ ട്രീറ്റ് ചെയ്തത് മറ്റൊരു തരത്തിലാണെന്നും അതില്‍ നിന്നൊക്കെ സിനിമകള്‍ ഇപ്പോള്‍ മാറുന്നുണ്ടെന്നും ജിയോ ബേബി വ്യക്തമാക്കി. പുരുഷന്മാരുടെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് സംസാരിക്കുന്ന സിനിമകള്‍ ഇനി കൂടുതലായി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

‘ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് എടുത്ത് നോക്കിയാലും പുരുഷന്മാരുടെ മെന്റല്‍ഹെല്‍ത്തിനെ കുറിച്ചും, മറ്റുമൊക്കെ കാണിക്കുന്നുണ്ട്. അതുപോലെ എന്തുകൊണ്ട് ആണുങ്ങള്‍ ഇങ്ങനെയാകുന്നു. ലോകം മൊത്തമെടുത്ത് നോക്കിയാല്‍ ആത്മഹത്യ ചെയ്യുന്നത് കൂടുതല്‍ ആണുങ്ങളാണ്. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസൊക്കെ ആണുങ്ങള്‍ക്കുമുണ്ട്,’ അദ്ദേഹം പറഞ്ഞു.

ജിയോ ബേബി പ്രധാനവേഷത്തില്‍ എത്തുന്ന മീശ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: jeo Baby says we need to talk about men’s mental health