ഐ.പി.എല്ലില്‍ വിരാടെങ്കില്‍ ഡബ്ല്യൂ.പി.എല്ലില്‍ ഇവള്‍; ചരിത്രമെഴുതി 'കുട്ടി ക്യാപ്റ്റന്‍'
Cricket
ഐ.പി.എല്ലില്‍ വിരാടെങ്കില്‍ ഡബ്ല്യൂ.പി.എല്ലില്‍ ഇവള്‍; ചരിത്രമെഴുതി 'കുട്ടി ക്യാപ്റ്റന്‍'
ഫസീഹ പി.സി.
Sunday, 11th January 2026, 1:17 pm

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യൂ.പി.എല്‍) കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടിയിരുന്നു. മുംബൈ ജയിച്ച മത്സരത്തില്‍ ഒരു ചരിത്ര നിമിഷത്തിന് കൂടിയാണ് ഇന്ത്യന്‍ ആരാധകര്‍ സാക്ഷിയായത്. മറ്റൊന്നുമല്ല, അത് ഡബ്ല്യൂ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്റെ അരങ്ങേറ്റത്തിനായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസാണ് ഈ ചരിത്രത്തിന് ഉടമയായത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിലായിരുന്നു ജെമീമയുടെ ദല്‍ഹി ക്യാപ്റ്റനായുള്ള അരങ്ങേറ്റം. ഈ സീസണില്‍ ഓള്‍റൗണ്ടറാണ് ഡി.സിയെ നയിക്കുന്നത്. സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദല്‍ഹിയെ നയിച്ചതോടെ തന്റെ ഉറ്റ കൂട്ടുകാരിയെ മറികടന്നാണ് താരം ടൂര്‍ണമെന്റ് ചരിത്രത്തിലെ ‘കുട്ടി ക്യാപ്റ്റനായത്’.

Photo: Delhicapitals/xc.om

25 വയസും 127 ദിവസവും പ്രായമുള്ളപ്പോളാണ് ജെമീമയുടെ ക്യാപ്റ്റന്‍സി ആരോഹണം. ഇതുവരെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനുമായ സ്മൃതി മന്ഥാനയായിരുന്നു ഡബ്ല്യൂ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍. 2023ല്‍ ക്യാപ്റ്റനായി അരങ്ങേറുമ്പോള്‍ 26 വയസും 230 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

എന്നാല്‍, ഇന്ത്യന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ ചരിത്രം എടുത്ത് പരിശോധിക്കുമ്പോള്‍ ജെമീമയല്ല പ്രായം കുറഞ്ഞ ക്യാപ്റ്റന്‍. ഈ നേട്ടം കൈവശപ്പെടുത്തിയിരിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്.

22 വയസും 187 ദിവസവും പ്രായമുള്ളപ്പോഴായാണ് കോഹ്‌ലി ആര്‍.സി.ബിയുടെ ക്യാപ്റ്റനായത്. 2011ലായിരുന്നു താരത്തിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം. ആ സീസണില്‍ ജയ്പ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരേയായിരുന്നു ഐ.പി.എല്ലില്‍ ആദ്യം കോഹ്‌ലി ആര്‍.സി.ബിയെ നയിച്ചത്.

Photo: Tanuj/x.com

അന്നത്തെ ആര്‍.സി.ബിയുടെ സ്ഥിരം ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി പരിക്കേറ്റ് പുറത്ത് പോയതോടെയാണ് കോഹ്‌ലി ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്ലേ ബ്ലോഡ് ആര്‍മിയുടെ മുഴുവന്‍ സമയ ക്യാപ്റ്റന്‍സി പട്ടം താരത്തെ തേടിയെത്തിയത്.

ഐ.പി.എല്ലിലിന്റെ സീസണുകള്‍ കൊഴിഞ്ഞ് പോയിട്ടും ഫ്രാഞ്ചൈസികളുടെ അമരത്ത് പുതിയ ക്യാപ്റ്റന്മാരെത്തിയിട്ടും ടൂര്‍ണമെന്റിലെ പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന പട്ടം ഇപ്പോഴും കോഹ്‌ലിക്ക് തന്നെയാണ്. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്‌ന, റിയാന്‍ പരാഗ് എന്ന് എന്നിവരെല്ലാം കോഹ്ലിയ്ക്ക് പിന്നിലാണ്.

Content Highlight: Jemimah Rodrigues and Virat Kohli are youngest captains in WPL and IPL respectively

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി