പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് ജിത്തു മാധവന്റെ സംവിധാനത്തില്‍ സൂര്യ നായകനായെത്തുന്ന സൂര്യ 47. ആവേശത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക വേഷത്തിലെത്തുന്നത്. മലയാളി താരം നസ്‌ലെനും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
പക്കാ ആക്ഷന്‍ ചിത്രമായൊരുങ്ങുന്ന പ്രൊജക്ട് സൂര്യയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമായാണ് ആരാധാകര്‍ കണക്കാക്കുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അലെക്‌സാ 265 ക്യമാറയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ ക്യാമാറയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായാണ് സൂര്യ 47 ഒരുങ്ങുന്നത്.
വലിയ ബജറ്റുള്ള സിനിമകള്‍ക്കായി ഉപയോഗിക്കുന്ന ഒരു ഹൈ-എന്‍ഡ് ഡിജിറ്റല്‍ സിനിമ ക്യാമറയാണ് അലെക്‌സാ 265. ലോക പ്രശസ്തമായ arri കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്. സാധരണ സിനിമകളില്‍ ഉപയോഗിക്കുന്ന ക്യാമറകളെക്കാള്‍ വളരെ വലിയ സെന്‍സറാണ് ഈ ക്യാമറയുടേത്. പഴയകാല 65 mm ഫിലിം സിനിമകളുടെ ലുക്ക് ഇതിലൂടെ ഡിജിറ്റലായി ലഭിക്കും.
ഹോളിവുഡ് ചിത്രങ്ങളായ ജോക്കര്‍, അവഞ്ചേര്‍സ് എന്‍ഡ് ഗെയിം, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, 2023ല്‍ പുറത്തിറങ്ങിയ ബാര്‍ബി തുടങ്ങിയവ ഷൂട്ട് ചെയ്തിരിക്കുന്നത് ഈ ക്യാമറയിലാണ്. 6.5k റെസലൂഷന്‍ വരുന്ന ഈ ക്യമാറക്ക് വലിയ ചെലവുണ്ട്. ഹൈ iso ഉള്ളതുകൊണ്ട് കുറഞ്ഞ വെളിച്ചത്തില്‍ രാത്രി സീനുകള്‍ ഷൂട്ട് ചെയ്യാം.
തമിഴ്‌നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ലഭിച്ചു വരുന്ന പൊലീസ് കഥാപാത്രത്തെയായിരിക്കും സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിനിമയുടെ പൂജ നടന്നിരുന്നു.
Content Highlight: Jeethu Madhavan’s Surya 47 becomes the first Indian film to be shot on Alexa 265 camera