ഉഴം സിനിമയെ കുറിച്ച് തനിക്ക് ഇപ്പോഴും ചില റിഗ്രറ്റ്‌സുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ഊഴം അത്യാവശ്യം തീയേറ്ററില്‍ ഓടിയ സിനിമയാണെന്നും ക്ലൈമാക്‌സ് ഫൈറ്റിന്റെ ഇടക്ക് കഥ പറയുന്ന ഒരു രീതിയാണ് ആ സിനിമയില്‍ താന്‍ കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജീത്തു.
‘ഊഴം സിനിമയെ കുറിച്ച് എനിക്കിപ്പോഴും ചില റിഗ്രറ്റ്‌സുണ്ട്. പക്ഷേ കമല്‍ഹാസന്‍ സാര്‍ സിനിമ കണ്ടിട്ട് അത് നല്ല മേക്കിങ്ങാണെന്ന് പറഞ്ഞു. ആ രീതിയിലുള്ള കഥ പറച്ചില്‍ ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. ഒരാളെന്നെ സിനിമ കണ്ട് ഫോണ്‍ വിളിച്ച് പറഞ്ഞു ‘സിനിമ ഇഷ്ടപ്പെട്ടു സിനിമ കാണാന്‍ എന്റെ ഫാമിലിയും ഉണ്ടായിരുന്നു. പക്ഷേ എന്റെ വൈഫിന് ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. പൃഥ്വിരാജ് ഡബ്ബിള്‍ റോളായിരുന്നോ എന്ന് ചോദിച്ചു.’
അപ്പോള്‍ സംഭവം കണക്ടായില്ലെന്ന് എനിക്ക് മനസിലായി. കുറച്ച് പേര് പറഞ്ഞു ഇമോഷന്‍ വര്‍ക്കായില്ലെന്ന്. ചിലത് നമ്മള്‍ ഉദ്ദേശിക്കുന്ന ഇംപാക്ട് ഉണ്ടാകണമെന്നില്ല,’ ജീത്തു പറയുന്നു.
2016ലാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഊഴം തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ ബാലചന്ദ്ര മേനോന്‍, പശുപതി, നീരജ് മാധവ് , ജയപ്രകാശ്, ദിവ്യ പിള്ള എന്നിവരും അഭിനയിച്ചിരുന്നു.