ജോര്‍ജ് കുട്ടിയായി മോഹന്‍ലാലെത്തിയ ദൃശ്യത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തയാളാണ് ജീത്തു ജോസഫ്. ത്രില്ലര്‍ ചിത്രങ്ങളുടെ പാറ്റേണ്‍ തന്നെ മാറ്റിക്കളഞ്ഞ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്. ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് മെയ് 21ന് ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവുമായി തിയേറ്ററുകളിലേക്കെത്തുകയാണ്.
കേവലം ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിട്ട് കൂടി വലിയ സ്വീകാര്യതയും ഹൈപ്പുമാണ് ദൃശ്യം 3യ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ്ങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുതീര്‍ന്നെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജീത്തു ജോസഫ് ഷാജി പാപ്പന്‍ എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകനെന്ന നിലയില്‍ ഒരാള്‍ ക്ലോസെറ്റില്‍ ഇരുന്ന് ഡയലോഗ് പറയുന്ന സീന്‍ താന്‍ ഷൂട്ട് ചെയ്യില്ലെന്ന് പറയുകയാണ് ജീത്തു ജോസഫ്. കാരണം തനിക്ക് അത് കാണുമ്പോള്‍ വല്ലാതെയാകുമെന്നും എന്ന് കരുതി മറ്റുള്ളവര്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്നും എല്ലാവര്‍ക്കും അവരവരുടെതായ സ്വാതന്ത്ര്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു. സമാനമായി എല്ലാ സംവിധായകര്‍ക്കും അവരുടെതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാണുമെന്നും തന്റെത് ഇങ്ങനെയാണെന്നും ചില കാര്യങ്ങള്‍ പറ്റാത്തത് കൊണ്ട് അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഏപ്രില്‍ രണ്ടിനായിരുന്നു ദൃശ്യം 3യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം പോസിറ്റീവ് റിവ്യൂസ് ചിത്രത്തിന് ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും വെട്ടിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് ചിത്രത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.
Content Highlight: Jeethu Joseph talks about his likes and dislikes in shooting in a drishyam 3 related interview
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.