ആ ഒരു വാക്കിന്റെ പുറത്താണ് സിനിമയിലേക്കിറങ്ങിയത് :ജീത്തു ജോസഫ്
Malayalam Cinema
ആ ഒരു വാക്കിന്റെ പുറത്താണ് സിനിമയിലേക്കിറങ്ങിയത് :ജീത്തു ജോസഫ്
കെ.എസ് ഷാബിന
Saturday, 23rd May 2026, 2:09 pm

മലയാള സിനിമയിലെ സസ്‌പെൻസ് ത്രില്ലറുകൾക്ക് പുത്തൻ നിർവചനം നൽകിയ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ്. 2007-ൽ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലറിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’, ‘മെമ്മറീസ്’, ‘ദൃശ്യം 1 , 2’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജീത്തു ജോസഫ്, ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ യുടെ ആവേശത്തിലാണ്.
ഇപ്പോൾ, സിനിമാലോകത്തേക്കുള്ള തന്റെ ആദ്യകാല ചുവടുവെപ്പുകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് അദ്ദേഹം. സമകാലിക മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

ദൃശ്യം.Photo:Wikepedia

പ്രി-ഡിഗ്രിക്ക് പഠിക്കുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതാണ് ജീത്തുവിന്റെ ജീവിതത്തിലെ സിനിമയിലേക്കുള്ള തുടക്കം . സുഹൃത്തുക്കൾ സിനിമയിലെ ‘കണ്ടിന്യൂവിറ്റി’ തെറ്റുകളെ കുറിച്ച് സംസാരിക്കുന്നത് കേട്ടാണ് അദ്ദേഹം ആദ്യമായി സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. പിന്നീട് സുഹൃത്തുക്കളോടൊപ്പം ദൂരദർശന് വേണ്ടി എഴുതിയ കഥയാണ് വർഷങ്ങൾക്ക് ശേഷം ‘മമ്മി ആൻഡ് മി’ എന്ന ഹിറ്റ് സിനിമയായി മാറിയത് എന്നും ജീത്തു പറയുന്നു.

എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല എന്നും ഒരു സിനിമാ പ്രോജക്റ്റിന് വേണ്ടി ഒരു വർഷത്തോളം പുറകെ നടന്നിട്ടും അവസാന നിമിഷം താൻ മാത്രം അതിൽ നിന്നും പുറത്താക്കപ്പെടുയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ വലിയ തകർച്ചയിൽ വിഷമിച്ചിരിക്കുമ്പോഴാണ് ‘ഡിറ്റക്റ്റീവ്’ എന്ന സിനിമയുടെ കഥ അദ്ദേഹം ആലോചിക്കുന്നത്.

ദൃശ്യം.Photo:Wikepedia

മകന്റെ സങ്കടം കണ്ട് അന്ന് അമ്മച്ചി പറഞ്ഞ വാക്കുകൾ ആണ് ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയലിലേക്ക് എത്തിച്ചത് .

‘നീ വിഷമിക്കണ്ട, നമുക്ക് സ്ഥലം വിറ്റ് സിനിമ ചെയ്യാം’. ശരിക്കും സ്ഥലം വിൽക്കാനല്ല, മറിച്ച് മകന് ധൈര്യം പകരാനാണ് അമ്മ അത് പറഞ്ഞത്. ആ വാക്കുകൾ നൽകിയ സ്പിരിറ്റിലാണ് ഞാൻ ‘ഡിറ്റക്റ്റീവ്’ പൂർത്തിയാക്കിയത്’. ജീത്തു പറയുന്നു.

ക്യാൻസറിനെ അതിജീവിച്ച തന്റെ അമ്മയാണ് ഇപ്പോഴും തന്റെ ഏറ്റവും വലിയ കരുത്തെന്നും, ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും അമ്മയോട് സംസാരിച്ചാൽ എല്ലാം പെട്ടെന്ന് ‘സെറ്റ്’ ആകുമെന്നും ജീത്തു ജോസഫ് സ്നേഹത്തോടെ ഓർക്കുന്നു.

Content Highlight: Jeethu Joseph talks about his cinema journey

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.