മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘ദൃശ്യം’ ഫ്രാഞ്ചൈസി. ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിൽ സൃഷ്ടിച്ച തരംഗം വർഷങ്ങൾക്കിപ്പുറവും അവസാനിച്ചിട്ടില്ല. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോഡുകൾ കുറിക്കുമ്പോൾ, ചിത്രത്തിലെ രസകരമായൊരു ഡീറ്റെയിലിംങ്ങിനെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
‘ദൃശ്യം 3’ യുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രതിനായകന്റെ ഒപ്പമുള്ള ‘അവിര’ എന്ന കഥാപാത്രം കുറ്റകൃത്യത്തിന് ശേഷം ‘ടുണീഷ്യ’ എന്ന ആഫ്രിക്കൻ രാജ്യത്തേക്ക് ഒളിവിൽ പോകാൻ തീരുമാനിക്കുന്നത് കാണാം. എന്തുകൊണ്ടാണ് അവിരയെ ഒളിപ്പിക്കാൻ ടുണീഷ്യ തന്നെ തെരഞ്ഞെടുത്തത് എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ക്ലബ്. എഫ് .എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ‘റാം’ എന്ന സിനിമയുടെ ലൊക്കേഷൻ കാണുന്നതിനായി രണ്ടു തവണയാണ് ഞാൻ ടുണീഷ്യയിലേക്ക് പോയത്. ലൊക്കേഷൻ ഹണ്ടിന്റെ ഭാഗമായി ആ രാജ്യം മുഴുവൻ കറങ്ങാൻ ഞങ്ങൾ ഏകദേശം 15,000 കിലോമീറ്ററോളം യാത്ര ചെയ്തു. എന്നാൽ അത്രയധികം ദൂരം സഞ്ചരിച്ചിട്ടും അവിടെ വെച്ച് ആകെ ഒരു മലയാളിയെ മാത്രമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്! കൂടെ ഒന്നോ രണ്ടോ ഉത്തരേന്ത്യക്കാരെയും കണ്ടു.
അവിടെ വെച്ചാണ് ടുണീഷ്യയിൽ ഇന്ത്യക്കാർ ഇത്രയും കുറവാണോ എന്ന ചിന്ത ഉണ്ടാകുന്നത്. ഉടൻ തന്നെ ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു നോക്കി. ആകെ 250 ഓളം ഇന്ത്യക്കാർ മാത്രമാണ് ടുണീഷ്യയിൽ ഉള്ളതെന്നാണ് അന്ന് മാനസിലാക്കാൻ കഴിഞ്ഞത്. ഒരാൾക്ക് ആർക്കും പിടികൊടുക്കാതെ മുങ്ങണമെങ്കിൽ പോകാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലം ഇതാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ‘ദൃശ്യം 3′ യിലെ അവിര എന്ന കഥാപാത്രത്തെ ഒളിവിൽ പോകാനായി ടുണീഷ്യയിലേക്ക് അയക്കാമെന്ന ചിന്ത എന്നിലുണ്ടാകുന്നത്,’ ജീത്തു ജോസഫ് പറയുന്നു.
ബോക്സ് ഓഫീസിലെ കളക്ഷൻ റെക്കോഡുകൾ മാറ്റിനിർത്തിയാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ദൃശ്യം 3 നേടിയത്. ക്ലൈമാക്സ് വർക്ക് ആവാത്തവരും മൂന്നാം ഭാഗം തന്നെ വേണ്ടായിരുന്നു എന്ന് പറയുന്നവരും ഇതിൽ ഉൾപ്പെടുന്നു. ദൃശ്യം 3 ഈ മാസം 18 ന് ഓ.ടി.ടി യിൽ എത്തും.
Content Highlight:Jeethu Joseph talks about Drishyam 3