ട്വിസ്റ്റെന്ന് പറയാന്‍ ഒന്നോ രണ്ടോ ഭാഗമേ ഉള്ളൂ; ശരിക്കും ക്ലൈമാക്സാണ് സിനിമയുടെ നട്ടെല്ല്: ജീത്തു ജോസഫ്
Malayalam Cinema
ട്വിസ്റ്റെന്ന് പറയാന്‍ ഒന്നോ രണ്ടോ ഭാഗമേ ഉള്ളൂ; ശരിക്കും ക്ലൈമാക്സാണ് സിനിമയുടെ നട്ടെല്ല്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st November 2025, 11:01 pm

മിറാഷില്‍ ട്വിസ്റ്റ് എന്ന് പറയാന്‍ യഥാര്‍ത്ഥത്തില്‍ ഒന്നോ രണ്ടോ ഭാഗം മാത്രമേയുള്ളുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ആസിഫ് അലി, അപര്‍ണ ബാലാമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഒരുക്കിയ മിറാഷ് ബോകസ് ഓഫീസില്‍ പരാജയമായിരുന്നു.

സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെയും നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. സിനിമയില്‍ ട്വിസ്റ്റ് കൂടിപോയെന്ന വിമര്‍ശനമായിരുന്നു കൂടുതലും. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ട്വിസ്റ്റ് എന്ന് പറയാന്‍ യഥാര്‍ത്ഥത്തില്‍ ഒന്നോ രണ്ടോ മാത്രമെയുള്ളു. പിന്നെ കഥയുടെ ഗതി മാറിക്കൊണ്ടേയിരിക്കും. സിനിമയുടെ പേര് അതാണല്ലോ. പലതരത്തില്‍ ഉള്ള പ്രേക്ഷകര്‍ ഉണ്ട്. എന്റെ സിനിമ ആകുമ്പോള്‍ ട്വിസ്റ്റ് ഉണ്ടാകും എന്ന് വിചാരിച്ച് വരുന്ന പ്രേക്ഷകര്‍ ഉണ്ട്. ചിലര്‍ക്ക് പതുക്കെ മാത്രമേ കാര്യങ്ങള്‍ മനസിലാകൂ. പലതരത്തില്‍ ഉള്ള ഫീഡ്ബാക്ക് വരുന്നുണ്ട്. ശരിക്കും ക്ലൈമാക്‌സ് ആണ് സിനിമയുടെ നട്ടെല്ല്. അതിന് മുമ്പ് വരെ ഒരു ജേര്‍ണി മാത്രമാണ്,’ ജീത്തു ജോസഫ് പറയുന്നു.

മിറാഷ് കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായെന്നുമുള്ള കമന്റുകള്‍ സിനിമയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ എക്സില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനെ ചൊല്ലിയും വിമര്‍ശനങ്ങളുണ്ടായിരുന്നു. ജീത്തു ജോസഫിന്റെ ഏറ്റവും മോശം സിനിമയാണ് മിറാഷെന്നും വിഷ്വലുകളോ ചിത്രത്തിന്റെ എഡിറ്റിങ്ങോ ഒന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നുമുള്ള അഭിപ്രായങ്ങളുണ്ടായിരുന്നു.

ശ്രീനിവാസന്‍ അബ്രോളിനൊപ്പം ജീത്തു ജോസഫ് ചേര്‍ന്ന് തിരക്കഥയെഴുതിയ സിനിമ നിര്‍മിച്ചത് ഇ ഫോര്‍ എക്സ്പിരിമെന്റ്സാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് വിനായഖാണ്.

Content highlight: Jeethu Joseph says that there is actually only one or two parts that can be called a twist in Mirage