സസ്പെൻസ് ത്രില്ലർ ചിത്രങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദം സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. 2008ൽ പുറത്തിറങ്ങിയ ‘ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് സംവിധായകനെന്ന നിലയിൽ മാത്രമല്ല, ശക്തമായ തിരക്കഥാകൃത്തായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച ജീത്തു ജോസഫിന്റെ കരിയറിൽ നിർണായകമായ മാറ്റം കൊണ്ടുവന്ന ചിത്രം 2013ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ ആയിരുന്നു.
ഇപ്പോഴിതാ, വലിയ താരനിരകളില്ലാതെ തന്നെ സിനിമകൾ വിജയിക്കുകയും പുതിയ താരങ്ങൾ ഉയർന്നുവരുകയും ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സിനിമ ഇൻഡസ്ട്രി ഇന്ന് ശക്തമായ മത്സരത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. മോഹൻലാൽ, മമ്മൂട്ടി പോലുള്ള താരങ്ങളെ പോലെ ദീർഘകാലം നിലനിൽക്കാൻ എത്ര പേർക്ക് സാധിക്കുമെന്ന് സംശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
‘നടനാകാനും സംവിധായകനാകാനും വലിയ തടസങ്ങൾ ഇല്ലാത്ത കാലമാണിപ്പോൾ. പണ്ടൊക്കെയാണെങ്കിൽ ഒരു ഡയറക്ടർക്കും നടനും തന്റെ കഴിവ് തെളിയിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടായിരുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും ‘സാർ, ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്’ എന്ന് പറഞ്ഞ് ആ വർക്ക് കാണിച്ചുതന്നാൽ നമുക്ക് മനസിലാകും. ഇന്ന് ഷൂട്ട് ചെയ്യാൻ ഒരു ഫോൺ മതി.
കുറെ അവസരങ്ങളുണ്ട് ഇപ്പോൾ. അതിനാൽ തന്നെ ഭയങ്കര മത്സരവുമാണ്. പുതിയ പിള്ളേർ അവരുടേതായ രീതിയിൽ അഭിനയിക്കുന്നു. ലാൽ സാർ ആദ്യത്തെ സിനിമ ചെയ്തു, മമ്മൂക്ക ആദ്യത്തെ സിനിമ ചെയ്തു ഇവരെല്ലാം പതുക്കെ പതുക്കെ വർഷങ്ങളോളമുള്ള അനുഭവത്തിലൂടെയാണ് വന്നത്. ഇപ്പോൾ വരുന്ന പിള്ളേർ അങ്ങനെയല്ല.
ഒരൊറ്റ പ്രശ്നം എന്താണെന്ന് വെച്ചാൽ, മമ്മൂക്കയും മോഹൻലാലും നിന്ന പോലെ എത്ര പേർ ഇവിടെയുണ്ടാകും എന്നാണ് സംശയം. കാരണം ഒരാൾ ഒരു പടം ചെയ്ത് വരുമ്പോഴേക്കും വേറെ ഭാഗത്ത് നിന്ന് മറ്റൊരാൾ വരും. അപ്പോൾ ഭയങ്കര മത്സരമാകും. എനിക്കറിയില്ല അത് എങ്ങനെയാകുമെന്ന്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph says he doubts how many people will be here like Mammootty and Mohanlal.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.