ദൃശ്യത്തിന്റെ സീക്വലിന് വേണ്ടി പലരും സ്‌ക്രിപ്റ്റുകള്‍ അയച്ചുതരാറുണ്ട്, വായിച്ചുപോലും നോക്കാതെ അതൊക്കെ ഡിലീറ്റ് ചെയ്യും: ജീത്തു ജോസഫ്
Malayalam Cinema
ദൃശ്യത്തിന്റെ സീക്വലിന് വേണ്ടി പലരും സ്‌ക്രിപ്റ്റുകള്‍ അയച്ചുതരാറുണ്ട്, വായിച്ചുപോലും നോക്കാതെ അതൊക്കെ ഡിലീറ്റ് ചെയ്യും: ജീത്തു ജോസഫ്
അമര്‍നാഥ് എം.
Sunday, 19th April 2026, 1:44 pm

മലയാളസിനിമയില്‍ ഒരു ബ്രാന്‍ഡായി മാറിയ ചിത്രമാണ് ദൃശ്യം. വെറുമൊരു ഫാമിലി ചിത്രമെന്ന ലോബലില്‍ വന്ന് മോളിവുഡില്‍ ബെഞ്ച്മാര്‍ക്കായി മാറിയ ദൃശ്യം ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരേയൊരു മലയാളചിത്രവും കൂടിയാണ്. ജീത്തു ജോസഫ് എന്ന സംവിധായകന്‍ മലയാളത്തില്‍ ഒരു ബ്രാന്‍ഡായി മാറിയതും ദൃശ്യത്തിന് ശേഷമാണ്.

ആദ്യഭാഗം റിലീസായി എട്ട് വര്‍ഷത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്കെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒ.ടി.ടിയിലെത്തിയ ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്നും ചര്‍ച്ച ചെയ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്താന്‍ പോവുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.

ജീത്തു ജോസഫ് Photo: Screen grab/ TNIE Kerala

ദൃശ്യം എന്ന ഫ്രാഞ്ചൈസിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. പുതിയ എഴുത്തുകാരുമായി ചേര്‍ന്ന് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും ദൃശ്യത്തില്‍ പുതിയ എഴുത്തുകാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകായിരുന്നു ജീത്തു ജോസഫ്.

ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാന്‍ ഉദ്ദേശമില്ല. പക്ഷേ ഒരുപാട് പേര്‍ എനിക്ക് സ്‌ക്രിപ്റ്റ് അയച്ചുതരാറുണ്ട്. ദൃശ്യത്തിന്റെ ഫസ്റ്റ് പാര്‍ട്ട് റിലീസായ സമയത്ത് ഇതിനൊരു സീക്വലുണ്ടാകുമോ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ടായിരുന്നു. അന്ന് ആ ചോദ്യത്തില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എനിക്ക് പോലും അക്കാര്യത്തില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ഒന്നും പറയാന്‍ പോകാത്തത്.

ദൃശ്യം 3 Photo: Theatrical poster

അതുകൊണ്ട് പുതിയ എഴുത്തുകാരിലേക്ക് പോകാന്‍ എനിക്ക് ഉദ്ദേശമില്ല. ദൃശ്യം 3ക്ക് വേണ്ടി പലരും സ്‌ക്രിപ്റ്റ് മെയില്‍ ചെയ്യാറുണ്ടായിരുന്നു. അതൊന്നും വായിച്ചുപോലും നോക്കാതെ ഞാന്‍ ഡിലീറ്റ് ചെയ്യാറാണ് പതിവ്. കാരണം, വായിച്ചുകഴിഞ്ഞ് ഏതെങ്കിലും ഐഡിയ ഇഷ്ടമായാല്‍ എനിക്ക് അത് ഉപേക്ഷിക്കാനുമാകില്ല, എന്റെ ഐഡിയയുമായി മുന്നോട്ടുപോകാനുമാകാത്ത അവസ്ഥയാകും. അതുകൊണ്ട് എല്ലാ മെയിലും ഡിലീറ്റ് ചെയ്യും,’ ജീത്തു ജോസഫ് പറയുന്നു.

താന്‍ ദൃശ്യം 2 ചെയ്യുന്നതിന് മുമ്പ് ബോളിവുഡില്‍ ആ സിനിമക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള പദ്ധതിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വയാകോം സ്റ്റുഡിയോസ് ആ സമയത്ത് സീക്വലും പ്രീക്വലും ചെയ്യാന്‍ അവകാശമുണ്ടെന്ന ക്ലോസ് എഗ്രിമെന്റില്‍ വെച്ചിരുന്നെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. താന്‍ ഇടപെട്ട് അത് മാറ്റിയെന്നും മലയാളത്തില്‍ മാത്രമേ ആദ്യം സീക്വലുകള്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് എഴുതിച്ചേര്‍ത്തെന്നും അദ്ദേഹം പറയുന്നു.

Content Highlight: Jeethu Joseph saying many peoples send him the scripts for Drishyam sequel

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം