ത്രില്ലര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പുതിയൊരു ഡൈമെന്‍ഷന്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവിലൂടെ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കിയതുമാണ്. ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ ദൃശ്യം ഉള്‍പ്പെടെ ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. ദൃശ്യം 2വിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ജീത്തുവിന് സാധിച്ചു.
സിനിമകളിലെ ലാഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. തന്റെ അഭിപ്രായത്തില്‍ ലാഗ് സിനിമയുടെ മുന്നോട്ടുപോക്കിന് ആവശ്യമാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. തന്റെ സിനിമകളിലെല്ലാം ലാഗുണ്ടെന്നും അത് പലരും പരാതിയായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെമ്മറീസ് എന്ന സിനിമ റിലീസായ സമയത്ത് അതില്‍ ലാഗുണ്ടെന്നുള്ള പരാതി കേട്ടിരുന്നെന്നും അദ്ദേഹം പറയുന്നു.
താന്‍ ഇപ്പോള്‍ എഴുതിതീര്‍ത്ത ദൃശ്യം 3യുടെ സ്‌ക്രിപ്റ്റിലും ലാഗുണ്ടെന്നും ജീത്തു പറഞ്ഞു. കഥ മുന്നോട്ടുപോകാന്‍ ലാഗ് എന്ന കാര്യം ആവശ്യമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഗിന്റെ കാര്യത്തില്‍ കേള്‍ക്കുന്ന പരാതികള്‍ക്ക് താന്‍ പ്രാധാന്യം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘തൊട്ടാലും പിടിച്ചാലും ലാഗ്, അത് ഇത് എന്നൊക്കെയുള്ള പരാതികള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. ചില പ്രൊഡ്യൂസേഴ്‌സ് വന്നിട്ട് ഈ സീനൊക്കെ കണ്ടതിന് ശേഷം ‘ആ ഏരിയ ലാഗുണ്ട്, അത് കട്ട് ചെയ്യ്’ എന്ന് പറയും. സിനിമക്ക് ലാഗ് വേണമെന്നാണ് എന്റെ അഭിപ്രായം. മെമ്മറീസിന്റെ ഫസ്റ്റ് ഹാഫില്‍ ലാഗുണ്ടെന്ന് പരാതി കേട്ടിരുന്നു. ആ ലാഗ് ഞാന്‍ മനപൂര്‍വം ഇട്ടതാണ്.
ദൃശ്യത്തിലും ആ ലാഗ് ഉണ്ട്. ഇപ്പോള്‍ എഴുതിത്തീര്‍ത്ത ദൃശ്യം 3യുടെ സ്‌ക്രിപ്റ്റിലും ലാഗുണ്ട്. ലാഗില്ലാതെ പറ്റില്ലെന്നേ ഞാന്‍ പറയൂ. ഒരു വേള്‍ഡ് നമ്മള്‍ ബില്‍ഡ് ചെയ്ത് വരുകയല്ലേ, അതിന് കുറച്ചധികം സമയമെടുക്കേണ്ടി വരും. എന്റെയൊരു ചിന്തയാണ് ഇത്. ഈ പറയുന്നതാണ് നിയമമെന്ന അഭിപ്രായമൊന്നും എനിക്കില്ല.
അങ്ങനെ വിശ്വസിച്ച് പോകുന്നയാളാണ് ഞാന്‍. അതുകൊണ്ട് എന്റെ സിനിമയില്‍ ഇത്തിരി ലാഗൊക്കെയുണ്ടാകും. അതില്ലാതെ മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നാണ് എന്റെയൊരു വിശ്വാസം,’ ജീത്തു ജോസഫ് പറയുന്നു.
മൂന്ന് സിനിമകളാണ് ജീത്തു ഇപ്പോള്‍ ഒരുക്കുന്നത്. ഷൂട്ട് അവസാനിച്ച മിറാഷ് റിലീസിന് തയാറെടുക്കുകയാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ജോജു ജോര്‍ജ് പ്രധാനവേഷത്തിലൊരുങ്ങുന്ന വലതുവശത്തെ കള്ളന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെയാകും ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുക. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പ്ലാന്‍.
Content Highlight: Jeethu Joseph saying he believes lag is necessary for his films