സിനിമാ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചുവെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശം അന്യഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ദൃശ്യം മൂന്നാം ഭാഗത്തില്‍ എന്തായിരിക്കും സംഭവിക്കുക, എങ്ങനെയായിരിക്കും കഥ മുന്നോട്ടുപോവുക എന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഉള്ളത്. ഇപ്പോള്‍ നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.
‘സിനിമയോടുള്ള ഇഷ്ടവും ഈ കഥയോടുള്ള താത്പ്പര്യവും കാരണം ആളുകള്‍ എപ്പോഴും ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ പറ്റി ചോദിക്കാറുണ്ട്. എന്ന് കരുതി നമുക്ക് നമ്മുടെ കഥ അവരോട് ഇപ്പോള്‍ തന്നെ പറഞ്ഞു കൊടുക്കാന്‍ കഴിയില്ലല്ലോ. സാധാരണ പ്രേക്ഷകര്‍ മാത്രമല്ല ഞാന്‍ മിറാഷ് ചെയ്ത് കൊണ്ടിരുന്ന സമയത്ത് ആസിഫ് അലി എന്നോട് ചോദിച്ചിരുന്നു. അത് പോലെ വലതുവശത്തെ കള്ളന്‍ ചെയ്തിരുന്ന സമയത്ത് ബിജുമേനോനും ജോജുവും ഒക്കെ എന്നോട് സിനിമയെപ്പറ്റി ചോദിച്ചിരുന്നു,’ജീത്തു ജോസഫ് പറയുന്നു.
എല്ലാവര്‍ക്കും സിനിമ കാണാന്‍ അത്രത്തോളം ആകാംക്ഷയുണ്ടെന്നും കഥയെ പറ്റി ഒരിക്കലും താന്‍ ഒന്നും പറയാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് അറിയാമെന്നും ജീത്തു പറഞ്ഞു. സിനിമയുടെ കാര്യത്തില്‍ തനിക്ക് അങ്ങനെ വലിയ ടെന്‍ഷന്‍ ഒന്നുമില്ലെന്നും അധികം ടെന്‍ഷന്‍ അടിക്കാന്‍ അത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു സിനിമയൊന്നും അല്ല ദൃശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലാണ് ദൃശ്യ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ദൃശ്യം പുറത്തിറങ്ങിയത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസാണ്.
Content highlight: Jeethu Joseph is talking about the third part of the film dhrishyam